delhi-police

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് താൽക്കാലിക തടങ്കൽ പാളയം ഒരുക്കാൻ പൊലീസ് അനുമതി തേടിയിരുന്നെന്ന് റിപ്പോർട്ട്. ഡൽഹി നിജാംപുരിലുള്ള ജജ്ജി റാം പഹിവാൻ സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനാണ് പൊലീസ് ഡൽഹി സർക്കാറിൽ നിന്ന് അനുമതി തേടിയത്. എന്നാൽ ജയിൽ തയ്യാറാക്കാൻ അനുമതി തേടിയെന്ന റിപ്പോർട്ടുകൾ ഡൽഹി പോലീസ് നിഷേധിച്ചിരുന്നു.

എന്നാൽ റോഷിണി ജില്ലയിലെ അഡീഷണൽ കമ്മീഷണർ എസ്‌.ഡി മിശ്രയുടെ പേരിൽ 20 ജനുവരി 2020 എന്ന തീയ്യതിയിൽ തയ്യാറാക്കിയ കത്താണ് ഡൽഹി സർക്കാറിന് കൈമാറിയെന്ന് എക്കണോമിക്സ് ടൈംസ് ഉൾപ്പെടെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസിന്റെ ആവശ്യമെന്നും ഇതിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ഡൽഹിയിൽ ഉടനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇതിലെ പല പ്രതിഷേധങ്ങളും ഭരണഘടനാ വിരുദ്ധവും അക്രമത്തിന് മുതിരുന്നതുമാണ്. വരും ദിവസങ്ങളിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത് നിയമ സംവിധാനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജിജ്‌ലി റാം പഹിവാൻ സ്റ്റേഡിയം താൽക്കാലിക തടവ് കേന്ദ്രമായി മാറ്റാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.