തിരുവനന്തപുരം: പാലരിവട്ടം പാലത്തിൽ ഭാരപരിശോധന സംബന്ധിച്ച് സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു.
ഭാരപരിശോധന മൂന്ന് മാസത്തിനുള്ളിൽ നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഐ.ഐ.ടി റിപ്പോർട്ട് ഐ.ആർ.സി ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഭാരപരിശോധന അപകടകരമാണെന്ന് കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭാരപരിശോധന നടത്താനുള്ള പരിധിക്കും പുറത്താണ് പാലത്തിന്റെ കേടുപാടുകൾ. കോൺട്രാക്ടറും സഹായികളായ ചിലരും കൊടുത്ത കേസില്ലെങ്കിൽ 9 മാസത്തിനകം പണി പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ശതമാനം റോഡ് മാത്രമേ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ ബാക്കിയുള്ളൂ. തലസ്ഥാനത്തെ റോഡുകൾ സൗന്ദര്യവൽകരിക്കുന്നതിന് 25 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2016 മുതൽ ഈ വർഷം വരെ ഏകദേശം 515 ടൺ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടുത്തി 335 കിലോമീറ്റർ റോഡ് നിർമിച്ചിട്ടുണ്ട്. അതിവേഗ റെയിൽപാതയ്ക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ഈ വർഷം മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ സ്റ്റാമ്പ് വെണ്ടർ
ലൈസൻസില്ല
ഇ - സ്റ്റാമ്പിംഗ് പൂർണമായും നടപ്പാക്കുന്ന പശ്ചാത്തലത്തിൽ പുതിയ സ്റ്റാമ്പ് വെണ്ടർ ലൈസൻസ് അനുവദിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. താൽക്കാലിക വെണ്ടർ ലൈസൻസ് സ്ഥിരപ്പെടുത്തില്ല.
സംസ്ഥാനത്ത് വൻകിട ഫ്ലാറ്റുകളും കെട്ടിടങ്ങളും ക്രയവിക്രയം ചെയ്യുമ്പോൾ വിലകുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്ത് സർക്കാരിന് നഷ്ടമുണ്ടാക്കിയതിന് 5887 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആധാരങ്ങളുടെ അസൽ പതിപ്പ് ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്വെയർ പരിഷ്കരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഡിജിറ്റൽ ഒപ്പോടെ ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം വൈകില്ല. ഇതോടെ,അപേക്ഷകർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഓൺലൈനായി ലഭിക്കും.
ഹീമോഫീലിയ രോഗികളുടെ
ചികിത്സ മുടങ്ങില്ല: കെ.കെ.ശൈലജ
തിരുവനന്തപുരം: ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും മുടങ്ങില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ ഉറപ്പുനൽകി. ഹീമോഫീലിയ രോഗികൾക്ക് കാരുണ്യ പദ്ധതിയിൽ നിന്നുള്ള സൗജന്യ ചികിത്സ മാർച്ച് 31ന് തീരും. ശേഷം കാസ്പ് പ്ലസ് (കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി) വഴി സൗജന്യ ചികിത്സ ലഭ്യമാക്കും.
കിടപ്പ് രോഗികൾക്ക് മാത്രമേ ഈ പദ്ധതിയനുസരിച്ച് സഹായം ലഭിക്കൂ. അതിനാലാണ് കാസ്പ് പ്ലസിൽ ഉൾപ്പെടുത്തി സഹായം നൽകുന്നത്. ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്ക് സമഗ്രപദ്ധതിയുണ്ടാക്കാൻ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും എം.വിൻസെന്റിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
സ്കൂൾ ഘടനാമാറ്റം സാദ്ധ്യമല്ല: മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്ന ഘടനാമാറ്റം സ്കൂളുകളിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം കോടതിയും അംഗീകരിച്ചിട്ടുണ്ട്. എൽ.പി ഒന്നു മുതൽ അഞ്ചു വരെ,യു.പി ആറു മുതൽ എട്ടു വരെ, ഹൈസ്കൂൾ ഒൻപത്, പത്ത് ക്ലാസുകൾ എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്ന ഘടനാമാറ്റം. ഇത് നടപ്പാക്കാൻ പ്രായോഗിക തടസങ്ങളുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2200 സർക്കാർ സ്കൂളുകളുടെ പുതുക്കിപ്പണി ആരംഭിച്ചിട്ടുണ്ട്. ഇതിൽ 141 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും. 3553 കോടി രൂപയാണ് പുനർനിർമാണത്തിനായി ഇതുവരെ അനുവദിച്ചത്. 1500 സ്കൂളുകളിൽ ടോയ്ലെറ്റുകൾക്ക് 19.08 കോടി രൂപയും അനുവദിച്ചു. യൂണിഫോം വിതരണം പൂർത്തിയാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമായിട്ടുണ്ടെങ്കിലും ഇത് ഉടൻ പരിഹരിക്കും.
തിരിച്ചുപിടിച്ചത്
260.42 ഹെക്ടർ
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 260.42 ഹെക്ടർ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുൽ ഹമീദ് പി, പി.കെ ബഷീർ, കെ.എൻ.എ ഖാദർ എന്നിവരെ അറിയിച്ചു.
ഇക്കാലയളലിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി 9.99 ഹെക്ടർ വനഭൂമി വിട്ടുനൽകിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജു സണ്ണി ജോസഫുനുള്ള ഉത്തരമായി സഭയെ അറിയിച്ചു.