പേടി
ദൂരെനിന്നും വഞ്ചിനാട് എക്സ് പ്രസിന്റെ മുൻഭാഗം പ്രത്യക്ഷമായപ്പോൾ പ്ലാറ്റ് ഫോമിൽ രേഷ്മ അച്ഛന്റെ കൈയിൽ മുറുകെ പിടിച്ചു. അതിന്റെ പ്രത്യാഘാതമെന്നപോലെ അച്ഛൻ മകളുടെ ദേഹത്തേയ്ക്ക് ഒന്നു ചാഞ്ഞു.
'' മോൾക്ക് പേടിയില്ലല്ലോ അല്ലേ?""
അച്ഛൻ മകളുടെ മുഖത്തേക്ക് നോക്കി.
''പേടിയൊന്നുമില്ലയച്ഛാ...അങ്ങ് ചെല്ലുമ്പം രാത്രിയാകുന്നതു കൊണ്ട് ഒരു വിഷമം.""
വിളറിയതെങ്കിലും പുഞ്ചിരി വരുത്തി രേഷ്മ പറഞ്ഞു.
'' പേടിക്കാനൊന്നുമില്ല മോളേ. എല്ലാം അച്ഛൻ പറഞ്ഞതുപോലെ. തീവണ്ടി അങ്ങ് സ്റ്റേഷനിലെത്തിയാലുടൻ വിളിക്കണം.""
'' ശരിയച്ഛാ.""
അപ്പോഴേയ്ക്കും തീവണ്ടി പ്ളാറ്റ് ഫോമിൽ വന്നു നിന്നു. പിന്നിലെ ബോഗിയാണ് അച്ഛന്റെയും മകളുടെയും ലക്ഷ്യം. അത് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. പിന്നെ മകളുടെ ഒറ്റയ്ക്കുള്ള രാത്രി സഞ്ചാരത്തെ അച്ഛന് ഭയക്കേണ്ടതുമില്ല.
അവർ കാത്തുനിന്നത് രണ്ടു ബോഗി മുന്നിലായിപ്പോയി. ഇരുവരും അല്പം ഓടി. രേഷ്മ കയറി ഇരിപ്പിടം കണ്ടെത്തിയതും സൈറൺ മുഴങ്ങി. അവൾ ചുറ്റുപാടും ഒന്നുപാളിനോക്കി. പിന്നെ വെളിയിലേക്ക് തിരിഞ്ഞ് അച്ഛനെ നോക്കി കൈ വീശി.
പതുക്കെ അച്ഛന്റെ മുഖം പിറകിലേക്ക് അപ്രത്യക്ഷമായി.
തീവണ്ടി നീങ്ങവേ ഒറ്റയ്ക്കാകവേ രേഷ്മ ഒന്നുകൂടി വിളറി. തീവണ്ടിയിൽ ഇത് മൂന്നാമത് തവണയാണ് അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇത്തവണ ചെന്നു ചേരുന്നത് ആദ്യമായി രാത്രിയിലാണ് എന്ന വ്യത്യാസവുമുണ്ട്.
വീടിന് പുറത്ത് ഒറ്റയ്ക്കാവുന്നത് ഭീതിയോടെയാണ് രേഷ്മ ഓർക്കുന്നത്. ഇന്നത്തെ പുറംലോകത്തിന്റെ അവസ്ഥ അതാണ്. മാല കവർച്ച, പിടിച്ചു പറി, പീഡനം,പത്രവാർത്തകൾ ഇങ്ങനെ നിത്യവും അവളെ സംത്രാസത്തിലാക്കുന്നു. ഭീതി ജനിപ്പിക്കുന്നു. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത ഈ അവസ്ഥയിൽ ഏതാനും മണിക്കൂറുകളായാലും ഒരു സ്ത്രീ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെങ്ങനെ? തീവണ്ടിയും സുരക്ഷിതമല്ല. രേഷ്മയെ എങ്ങനെ കുറ്റം പറയും?
നിശ്ചേഷ്ടരായി ഇരിക്കുന്ന സ്ത്രീ ജനങ്ങളുടെ ഇടയിൽ ഒരാളായി അവളിരിക്കുമ്പോൾ അവൾ മനസിനെ തണുപ്പിക്കാൻ ശ്രമിച്ചു. തോളിലെ ബാഗ് - ഒരേ ഒരു ലഗേജ് മടിയിലും വച്ചു. പിന്നെ തീവണ്ടിയിൽ ആശ്വാസത്തിനായി യാത്രക്കാരുടെ മുഖം ഹൃദിസ്ഥാമാക്കുക എന്ന യത്നമാണ്. അധികം ആകാംക്ഷയോ ജിജ്ഞാസയോ മുഖത്ത് വരുത്താതിരിക്കുവാൻ ശ്രമിച്ചു. അച്ഛൻ പിരിഞ്ഞതോടെ പിടിവള്ളി നഷ്ടമായി എന്ന തിരിച്ചറിവോടെ അവൾ മെല്ലെ എതിരെയിരുന്നവരെ ശ്രദ്ധിക്കാൻ തുടങ്ങി. സാമ്യമുള്ള മുഖച്ഛായയുമായി തലയും നരച്ച രണ്ടു സ്ത്രീകൾ. ജ്യേഷ്ഠത്തിയും അനുജത്തിയുമാണെന്ന് തോന്നി. അനുജത്തിക്ക് ഒരു വട്ടപ്പൊട്ടുമുണ്ട്.അവരാണ് കൂടുതൽ സുന്ദരിയും. പതിമൂന്ന് വയസ് വരുന്ന ഒരു ബാലിക ഇരുവരുടെയും ഇടയിൽ കുസൃതിത്തരം മാറാത്ത മട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൾ ഇടയ്ക്കിടെ ബിസ്കറ്റ് കടിച്ചു. അനുജത്തി കഴുത്തിൽ നിറയെ സ്വർണാഭരണങ്ങൾ ധരിച്ചിരിക്കുന്നത് കണ്ട് രേഷ്മയ്ക്ക് അത്ഭുതമായി. പോരാൻ നേരം തന്റെ കഴുത്തിലെ മാല അമ്മ ഊരി പഴ്സിൽ വച്ചുതന്നത് ഓർത്തു.
ആ പെൺകുട്ടി രേഷ്മയെ നോക്കി പുഞ്ചിരിച്ചു കാട്ടി. രേഷ്മയുടെ സൗന്ദര്യം അവൾക്ക് തീർച്ചയായും ബോധിച്ചു. അവളും പുഞ്ചിരി തൂകി. അവൾ രണ്ടുബിസ്കറ്റ് രേഷ്മയ്ക്ക് സ്നേഹപൂർവ്വം നീട്ടി. രേഷ്മ പെട്ടെന്നുതന്നെ വിനയത്തോടെ അത് നിരസിച്ചു. തീവണ്ടിയിൽ അന്യർ നീട്ടുന്ന ആഹാരസാധനങ്ങൾ സ്വീകരിക്കരുതെന്ന് അവൾക്കറിയാം.
വാതിലിനടുത്ത് ഒരു നിഴലനക്കം കണ്ട് രേഷ്മ അങ്ങോട്ട് നോക്കി. രണ്ടു വനിതാ പൊലീസുകാരികളാണ്. ചാമിയുടെ ആക്രമത്തിന് ശേഷം സ്ത്രീകളുടെ ബോഗിയിൽ ഇപ്പോൾ രണ്ടു വനിതാ പൊലീസുകാർ ഉണ്ടെന്നത് രേഷ്മയ്ക്ക് ആത്മവിശ്വാസം പകർന്നു. വാസ്തവത്തിൽ ആ സംഭവം കോളേജിൽ ഒറ്രയ്ക്കുപോയി വരാനുള്ള അവളുടെ എല്ലാ ആത്മവിശ്വാസത്തെയും തകർത്തെറിഞ്ഞതാണ്. ഒരിക്കൽ മടക്കയാത്രയിൽ രണ്ടുപേർ മാത്രം ബോഗിയിലുണ്ടാവുക എന്ന ദുരന്തവും പേടിയോടെ രേഷ്മ അനുഭവിക്കുകയും ചെയ്തു. എല്ലാം കൊണ്ടും തീവണ്ടി യാത്ര ഭയം നിറയ്ക്കുന്നു.
തീവണ്ടി ഓടി ഓടി ദൂരങ്ങൾ താണ്ടവേ ഭയം മാറുന്നുണ്ടായിരുന്നെങ്കിലും ഒരു നുറുങ്ങു നൊമ്പരം ഹൃദയത്തിൽ നഖം താഴ്ത്തി നിലകൊള്ളുന്നുണ്ടായിരുന്നു.
തീവണ്ടി ഇറങ്ങിയാൽ പത്തു മിനിട്ട് ഒറ്റയടിപ്പാതയിലൂടെ നടക്കണം. എങ്കിലേ വനിതാ ഹോസ്റ്റലിലെത്തൂ. വരുന്ന വിവരം കൂട്ടുകാരികളെ അവൾ വിളിച്ചറിയിച്ചിട്ടുണ്ട്. അവർ ഹോസ്റ്റൽ ഗേറ്റിൽ കാത്തുനിൽക്കും.
''മോൾക്ക് പേടിയുണ്ടെങ്കിൽ അവധിയെടുത്തിട്ടാണെങ്കിലും നാളെ അച്ഛൻ കൊണ്ടാക്കാം.""
അച്ഛൻ പറഞ്ഞതാണ്.
'' പേടിയില്ലച്ഛാ. ഒരുതരം ആകാംക്ഷപോലെ.""
''അതാണ് അച്ഛൻ പറഞ്ഞത്.""
'' നാളെയാകുമ്പോൾ അച്ഛൻ അവധിയെടുക്കണം. എനിക്കൊരു പ്രാക്ടിക്കലും നഷ്ടമാകും. ഇന്നു വൈകുന്നേരം പോയാൽ രണ്ടും പ്രശ്നമാകില്ല. ഞാനൊറ്റയ്ക്ക് പൊയ്ക്കൊള്ളാം.""
''തീവണ്ടിയിറങ്ങീട്ട് ആളുകൾ പോകുന്ന വഴിയല്ലേ? ഭയപ്പെടാനൊന്നൂല്ല. കൂട്ടുകാരികൾ വന്നു നിൽക്കാമെന്നല്ലേ പറഞ്ഞത്..."" അമ്മ പറഞ്ഞു.
'' അതേ""
'' മോള് ധൈര്യമായിട്ടിരി. നമുക്ക് അങ്ങനെയൊന്നും വരൂല്ല. ദൈവത്തെ പ്രാർത്ഥിക്കുന്നത് വെറുതെയാകുമോ ...എന്തെല്ലാം ഉത്കണ്ഠകളാ ഈശ്വരാ""
''ആ അല്ലെങ്കിൽ മോള് ആ വയസ്സൻ പോർട്ടറോട് ഒന്നുപറ... അയാൾ അങ്ങോട്ട് ആക്കി തരും. ""
പൊടുന്നനേ പ്രതിവിധി കണ്ടപോലെ അച്ഛൻ പറഞ്ഞു.
ശരിയാണ്. രേഷ്മയ്ക്ക് ഓർമ്മ വന്നു. മൂന്നുതവണ പോയപ്പോഴും ആ വയസൻ പോർട്ടറുടെ സ്നേഹം സമ്പാദിക്കാനിടയായി. വയസൻ അതിരുകവിഞ്ഞ താത്പര്യം രേഷ്മയിൽ പ്രകടിപ്പിച്ചു കണ്ടു. (ഇത്രയും സുന്ദരിയായ മകൾ ഒരു ഭാഗ്യം തന്നെ എന്നൊക്കെ കണക്കാക്കുകയാവും അയാൾ എന്ന് അച്ഛൻ വിചാരിച്ചു. എവിടെ നിന്നും വരുന്നു? എങ്ങോട്ട് പോകുന്നു? ഏതു കോളേജിലാ പഠിക്കാൻ ചേർത്തത്? മിടുക്കിയാണോ? അദ്ദേഹം ചോദ്യശരങ്ങൾ തന്നെ അയച്ചു. രേഷ്മ ഈ ബന്ധം ഉപകാരപ്രദമാകുമെന്നു വിചാരിച്ചില്ല. രണ്ടാമത് തവണ പതിവുപോലെ മടങ്ങിവരാൻ തീവണ്ടി കാത്തിരന്നപ്പോൾ ആ പോർട്ടർ തന്റെ അരികെ വന്ന് തീവണ്ടി മൂന്നുമണിക്കൂർ വൈകുമെന്നു പറഞ്ഞു. തന്നെ അയാൾ പ്രതീക്ഷിക്കുകയാണെന്ന് തോന്നി.
''മോൾ ബസിൽ മടങ്ങുന്നതാ നല്ലത്. അച്ഛനോട് വിളിച്ചു പറ... ""
അന്ന് അങ്ങനെ ബസിലാണ് താൻ മടങ്ങിയത്.
അദ്ദേഹം തീർച്ചയായും തനിക്ക് ആ പത്ത് മിനിട്ട് നടത്തയിൽ കൂട്ടായെത്തും. അവൾക്കുറപ്പായിരുന്നു.
അപ്പോൾ മനസ് കൂടുതൽ പ്രശാന്തമാകുന്നതായി രേഷ്മയ്ക്ക് തോന്നി. എതിരെ തന്റെ കുണുക്കു കമ്മലിന്റെ സൗന്ദര്യം നിരന്തരം നുകർന്നിരിക്കുന്ന പതിമൂന്നുകാരിക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനമായി നൽകാൻ രേഷ്മ മറന്നില്ല.
ചില സ്ത്രീകൾ സംസാരിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ബോഗി നിശബ്ദമായിരുന്നു. ഒരു വൃദ്ധ അല്പം അകലെ ഇരുന്ന് പിച്ചിപ്പൂ മാല കെട്ടുന്നു. രണ്ടുമൂന്നുപേർ വാരികകൾ തുറന്നു പിടിച്ചിരിക്കുന്നു. കൂടുതൽ പേരും കണ്ണുകളടച്ച് ഉറക്കം തന്നെ.
വെറുതേ തീവണ്ടിയുടെ താളം ശ്രദ്ധിച്ചപ്പോൾ അത് രസകരമായ പലതും പുലമ്പുന്നതായി രേഷ്മയ്ക്ക് തോന്നി. വണ്ടി ലേറ്റാകുമോ എന്ന ഭയം ബാക്കിയുണ്ടായിരുന്നു അവൾക്ക്. അതിനാൽ ഇടയ്ക്കിടെ വാച്ച് പൊക്കി. എപ്പോഴേ ഇരുട്ടായിക്കഴിഞ്ഞു.
തീവണ്ടിയെ പൊതിഞ്ഞു നിൽക്കുന്ന രാത്രിയെ രേഷ്മ അദൃശ്യമായി അനുഭവിക്കുന്നുണ്ടായിരുന്നു. അകത്ത് വെളിച്ചമുണ്ടായിരുന്നെങ്കിലും തീവണ്ടി ഓടവേ പുറത്ത് സമാന്തരമായ നിരത്തിലൂടെ ഒരു പന്തം കൊളുത്തി പ്രകടനം അവൾ കണ്ടു. അവിടെ അക്രമം വല്ലതും. അവൾ കണ്ണുകൾ പുറത്തേക്ക് പായിച്ചു. കേരളത്തിൽ എവിടെ ഒരു പെൺകുട്ടിയ്ക്ക് നിരത്തിലൂടെ രാത്രി ഒറ്രയ്ക്ക് പോകാൻ കഴിയും? ഓർക്കുമ്പോൾ തന്നെ അവൾ പരിഭ്രമിക്കാറുണ്ട്. ആ പരിഭ്രമമാണ് ചെറിയതോതിൽ അവളെ പൊതിഞ്ഞിരിക്കുന്നത്.
അച്ഛന്റെ കൂടെ വന്നാൽ പോരായിരുന്നോ? രാത്രി കനക്കവേ അവൾ സ്വയം ചോദിച്ചു.
പക്ഷേ ആ വയസൻ പോർട്ടർ! അതൊരു ആശ്വാസമായി മനസിൽ കിടക്കുന്നു.
വളവുകളും കയറ്റങ്ങളും താണ്ടി അനായാസമായി ആ തീവണ്ടി രാത്രിയെ ആക്രമിച്ച് മുന്നേറുകയായിരുന്നു. എതിരെ ഇരുന്ന ഒട്ടും ഭംഗിയില്ലാത്ത ഒരു ചെറുപ്പക്കാരി വായ തുറന്നു വച്ച് ഉറങ്ങുന്നു. തുപ്പൽ വീഴാൻ തൂങ്ങി നിൽക്കുന്നു. രേഷ്മ മുഖം മാറ്റി ഇരുന്നു.
സ്ത്രീകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ഒരു സ്റ്റേഷനിൽ പതിവിലധികം നേരം വണ്ടി നിശ്ചലമായപ്പോൾ രേഷ്മ ഒന്ന് പതറി. വണ്ടി പിടിച്ചിടുമോ? മനസിലൂടെ കൊള്ളിയാൻ പാഞ്ഞു. ഭാഗ്യം! അഞ്ചു മിനിട്ട് കഴിഞ്ഞ് വണ്ടി പുറപ്പെട്ടു. തനിക്കെതിരെയുള്ള മൂവർ ഒരു സ്റ്റേഷനിലും ഇറങ്ങുന്ന മട്ട് കണ്ടില്ല. ഒരു പക്ഷേ അവർ തനിക്കിറങ്ങേണ്ട സ്റ്റേഷനിൽ ഇറങ്ങുന്നവരാകാം.
രേഷ്മ അവരുമായി അടുക്കുവാൻ തീരുമാനിച്ചു.
'' മോൾ എവിടെ പോകുന്നു?""
അവൾ പെൺകുട്ടിയോട് ചോദിച്ചു
രേഷ്മയ്ക്ക് ആശ്വാസം തോന്നി. തനിക്കിറങ്ങേണ്ട സ്റ്റേഷൻ തന്നെ... പതുക്കെ സമയം നീങ്ങുന്നത് മനസിലാക്കിയുള്ള ആ മരവിച്ച ഇരിപ്പിൽ രേഷ്മ തന്റെ യാത്ര പിരിമുറുക്കം ഇല്ലാതെയുള്ളതാക്കാൻ യത്നിച്ചു.
മൂന്നുമണിക്കൂർ വേഗം കഴിഞ്ഞു. രാത്രിയുടെ ഏകാന്തതയിൽ രേഷ്മ ഇറങ്ങേണ്ട സ്റ്റേഷനാകാറായി. ഇതിനകം രണ്ടു തവണ അച്ഛൻ വിളിച്ചു, ധൈര്യം പകർന്നു. അവൾ ഇപ്പോൾ തിരികെ വിളിച്ചു.
''ഇറങ്ങാൻ പോവുകയാണ്. തീവണ്ടി പ്ളാറ്റ്ഫോമിലേക്ക് കടക്കുന്നു. ഹോസ്റ്റലിൽ എത്തിയിട്ടു വിളിക്കാം.""
തീവണ്ടി വന്നു. പത്തുമിനിട്ട് ലേറ്റ്. കൂട്ടുകാരികൾ കാത്തിരിപ്പ് അവസാനിപ്പിച്ച് മുറികളിലേക്ക് മടങ്ങിക്കാണുമോ? എങ്കിൽ കഷ്ടം തന്നെ. രേഷ്മ കണക്കുകൂട്ടി. അവൾ ഇറങ്ങി.
പ്ളാറ്റ് ഫോമിന്റെ ഇങ്ങേയറ്റമാണ്. കുറേ നടക്കണം. ആളുകൾ തീവണ്ടിയിറങ്ങി നിർഭയം നടന്നുപോകുകയാണ്. ആ സ്ത്രീകൾ രേഷ്മയോട് യാത്രാവേളയിൽ അധികമൊന്നും സംസാരിച്ചില്ലെങ്കിലും തീവണ്ടിയിൽ നിന്നിറങ്ങിയപ്പോൾ എവിടേയ്ക്കാ പോകേണ്ടത് എന്ന് ചോദിച്ചു.
'' വനിതാ ഹോസ്റ്റലിലേക്കാ...""
രേഷ്മ പറഞ്ഞു.
''ഞങ്ങൾ കുറേ ഇപ്പുറം വരെയുണ്ട്."" അവർ പറഞ്ഞു.
രേഷ്മയ്ക്ക് വലിയ ധൈര്യം തോന്നി.
വയസൻ പോർട്ടറെ ഒന്ന് കണ്ട് സഹായം അഭ്യർത്ഥിക്കാം എന്നു കരുതി മറ്റുള്ളവരോട് അല്പം കാക്കാൻ പറഞ്ഞ് രേഷ്മ പോർട്ടർമാരുടെ കാമ്പ് റൂമിൽ ചെന്നു മുട്ടി.
ഭാഗ്യദോഷം എന്നല്ലാതെ എന്തുപറയാൻ ആ വയസൻ പോർട്ടർ എന്നല്ല ഒരാളേയും മുറിയിൽ കണ്ടില്ല. അത് ശൂന്യമായി കിടന്നു. നിരാശയോടെ രേഷ്മ തിരിച്ചുചെന്നു.
''വാ പോകാം.""
രേഷ്മ പറഞ്ഞു. ''അയാളില്ല.""
കുറേ നടന്നപ്പോൾ മുൻപിൽ രണ്ടുമൂന്നുസ്ത്രീകളും രണ്ടു പുരുഷന്മാരും തനിക്കു പോകേണ്ട വഴിയിലൂടെ നീങ്ങുന്നത് രേഷ്മ കണ്ടു. രേഷ്മ കൂടെയുള്ള സ്ത്രീകളോടൊപ്പം ധൃതികാട്ടി.
''മോളേ...അതാ ഞങ്ങളുടെവീട്. ഞങ്ങൾ കയറട്ടെ... "" സ്ത്രീകൾ നിന്നു. കൈ ചൂണ്ടി. പിന്നെ പുഞ്ചിരിവരുത്തി അവർ ആ വീട് ലക്ഷ്യമാക്കി നടന്നു. രേഷ്മയ്ക്ക് നിരാശ കത്തിക്കയറി. മുൻപേ പോയവർ കുറേക്കൂടി മുന്നിലെത്തിയിരുന്നു.
ഇനി ആറേഴ് മിനിട്ട് നടന്നാൽ മതി. മനസിന്റെ കനം എന്നിട്ടും അടങ്ങിയില്ല.
ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയിലൂടെ കുറേ ദൂരം നടക്കണം എന്നതാണ് ഏറ്റവും പിരിമുറുക്കമുണ്ടാക്കുന്നത്. അത് ഒരു ഒറ്റയടി പാതയാണ്. എതിരെ ആരെങ്കിലും വന്നാൽ ഒഴിഞ്ഞു മാറാൻ സ്ഥലം കഷ്ടിയാണ്.
രേഷ്മ മുമ്പേ പോയവരുടെ കൂടെയെത്താൻ ബാഗുമായി ധൃതിപ്പെട്ടു. വേഗതയിൽ പുല്ലു നിറഞ്ഞു കിടന്ന വഴിയിലൂടെ നടക്കാനും ബുദ്ധിമുട്ടു തോന്നി. തെരുവുവിളക്കിന്റെ പ്രകാശമുണ്ട്. പക്ഷേ...
ഇടുങ്ങിയ ആ വഴിയിലേക്ക് കടന്നപ്പോൾ അവൾ ശിവപഞ്ചാക്ഷരിമന്ത്രം ഉരുവിടാൻ തുടങ്ങി. ആരും അടുത്തെങ്ങുമില്ല. അവൾ ധൃതിയിൽ നടന്നു. മുമ്പേ പോകുന്നവരുടെ വർത്തമാനം കാതുകളിൽ എത്തുന്നുണ്ട്. പിറകിലേക്ക് ഇടക്കിടെ തിരിഞ്ഞുനോക്കി രേഷ്മ നടന്നു.
പെട്ടെന്ന് പിറകിൽ ഒരനക്കം. ഞെട്ടി രേഷ്മ തിരിഞ്ഞുനോക്കി. മതിലിനു മുകളിൽ ഒരു നിഴലനക്കം പോലെ. താഴേക്ക് ഒരു രൂപം പൊടുന്നനേ പ്രത്യക്ഷമായി. രേഷ്മ ഭയന്ന് ''അയ്യോ"" എന്ന് വിളിച്ചു.
ഒരു പട്ടി അവളുടെ ദേഹത്തോട് ചേർന്ന് നിലത്തേക്ക് ചാടി. പട്ടിമുറുമുറുത്തു.
അവൾ ഓടുവാൻ തുടങ്ങി. തിരിഞ്ഞുനോക്കാതെ അവൾ ഓടി. മതിലുകടന്നു. വനിതാ ഹോസ്റ്റലിന്റെ ഗേറ്റ് കാണാം. അവിടെ കാത്തു നിൽക്കുന്ന വിളക്കിന് ചുറ്റും തന്റെ കൂട്ടുകാർ. രേഷ്മയുടെ ഹൃദയം പടപടാ മിടിച്ചു. കൂട്ടുകാർ വേഗം അവളെ പൊതിഞ്ഞെങ്കിലും അവൾക്ക് മുറിയിലെത്തിയാൽ മതി.
കൂട്ടുകാരുടെ സ്പർശനത്തിൽ നിന്ന് വേഗം സ്വതന്ത്രയായി വിയർത്തു കുളിച്ചിരുന്ന അവൾ മുറിയിലെത്തിയതും ബാഗുമായി കട്ടിലിൽ വീണ് ഏങ്ങിയേങ്ങി കരഞ്ഞു. കൂട്ടുകാരികൾക്ക് ഒന്നും മനസിലായില്ല.