ബെയ്ജിംഗ്: കൊറോണ രോഗത്തെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടറും അവസാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചു.. 34കാരനായ ലീ വെൻലിയാങ് ആണ് വുഹാനിലെ ആശുപത്രിയിൽ മരിച്ചത്.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ വെൻലിയാങ്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി തിരിച്ചറിഞ്ഞ അദ്ദേഹം ഇക്കാര്യം ചാറ്റിലൂടെ സുഹൃത്തുക്കളായ ഡോക്ടർമാരുമായി ഡിസംബർ 30ന് മുമ്പ് തന്നെ പങ്കുവെച്ചിരുന്നു.
സാർസ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ഒരേ മാർക്കറ്റിൽനിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവർക്ക് ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.
ഈ സന്ദേശങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ജനുവരി മൂന്നിന് ചൈനീസ് അധികൃതർ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു. ഒടുവിൽ തനിക്ക് തെറ്റുപറ്റിയെന്നും ഭാവിയിൽ ആവർത്തിക്കില്ലെന്നും സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതർ നടപടികൾ അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് ലീ വെൻലിയാങിന്റെ മുന്നറിയിപ്പ് സത്യമാകുന്നതാണ് ലോകം കണ്ടത്.