തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെ.എം ഷാജിക്കെതിരെ ഭരണപക്ഷ അംഗങ്ങൾ രംഗത്ത്. ‘എൻ.പി.ആറിന്റെ മീറ്റിംഗിൽ ബംഗാളിൽ നിന്നും ആരും പോയില്ല. കാരണം അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ശൗര്യമുള്ള പെണ്ണാണ് ഭരിക്കുന്നത്,’ എന്നാണ് കെ.എം ഷാജി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിനെതിരെ നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
പെണ്ണ് ഭരിച്ചാൽ എന്തായിരുന്നു കുഴപ്പമെന്ന് ചോദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്തെത്തി. ‘പെണ്ണാണു ഭരിക്കുന്നതെങ്കിലും, എന്താണ് പെണ്ണിന് കുഴപ്പം? ആണിന്റെ അന്തസ്സു കാണിച്ചുന്ന് ഷാനിമോൾ ഉസ്മാന്റെ അടുത്തുനിന്ന് പറയാൻ ലജ്ജയില്ലേയെന്നും ശൈലജ ചോദിച്ചു. തുടർന്ന് കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്ത് കെ.എം ഷാജി നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവരുദ്ധത നിറഞ്ഞതാണ് പറഞ്ഞ് എം. സ്വരാജ് രംഗത്തെത്തി.
‘കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്തു കൊണ്ട് ഷാജി നടത്തിയ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതാണ്. അദ്ദേഹം ആണത്തം, പെണ്ണ് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയിട്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന ആധുനിക സമൂഹത്തെ അപമാനിക്കുന്ന അപരിഷ്‌കൃതമായ ഒന്നാണ് ഇവിടെ പറഞ്ഞത്. അത് പരിശോധിച്ച് നീക്കം ചെയ്യണം,’ സ്വരാജ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനൊടുവിൽ തന്റെ പരാമർശം ഷാജി പിൻവലിച്ചു.