തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ്. 5000 കിലോമീറ്ററിന്റെ റോഡ് നിർമാണം സർക്കാർ ഈ വർഷം പൂർത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരണവേളയിൽ അറിയിച്ചു. അതോടൊപ്പം പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് സർക്കാർ 1500 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിനുമായി 682 കോടി രുപ വകയിരുത്തി.
അതോടൊപ്പം കൊച്ചി വികസനത്തിന് 6000 കോടി രൂപമാറ്റിവച്ചതായി ധനമന്ത്രി അറിയിച്ചു. കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട നടപടികൾ അവസാന ഘട്ടത്തിലാണെന്നും ബഡ്ജറ്റവതരണവേളയിൽ തോമസ് ഐസക് അറിയിച്ചു.