തിരുവനന്തപുരം: 25 രൂപയ്‌ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കേരളത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. കുടുംബശ്രീയ്‌ക്ക് 600 കോടിയുടെ ധനസഹായം നൽകും. പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 200 കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ, അൻപത് ഹോട്ടലുകൾ, ആയിരം വിശപ്പുരഹിത ഹോട്ടലുകൾ, 20000 ഏക്കർ ജൈവകൃഷി, ആയിരം കോഴി വളർത്തൽ കേന്ദ്രങ്ങൾ എന്നിവയും ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു.
12,000 പൊതു ശൗചാലയങ്ങൾ കൂടി ആരംഭിക്കും. 2020 നവംബർ മുതൽ സി.എഫ്.എൽ ബൾബുകൾ നിരോധിക്കും. ഫിലമെന്റ് ബൽബുകൾക്കും നിരോധനമുണ്ട്. എല്ലാ ക്ഷേമ പെൻഷനും വർദ്ധിപ്പിക്കും. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21 ഒരു ലക്ഷം വീടും ഫ്ളാറ്റും നിർമിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികൾക്കു 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.