railway

തിരുവനന്തപുരം: സംസ്ഥാനത്തെ സിൽവർ ലൈൻ റെയിൽ പാതയ്ക്കായുള്ള ആകാശ സർവേ പൂർത്തിയായെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

കേരളത്തിലെ ഏറ്റവും ചിലവേറിയ പദ്ധതിയാണ് ഇതെന്നും തോമസ് ഐസക് വ്യക്തമാക്കി. പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂർ കൊണ്ട് 1457 രൂപയ്ക്ക് കാസർകോട് എത്താം.ഈ വർഷം തന്നെ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് മൂന്ന് വർഷം കൊണ്ട് അത് പൂർത്തീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

2025 ആകുമ്പോഴേക്ക് 67740 ദിവസ യാത്രക്കാരുണ്ടാകുമെന്നും,​ 2051ൽ 1.47 ലക്ഷം യാത്രക്കാർ ദിനവും ഉണ്ടാകുമെന്നും കണക്കുകൂട്ടുന്നു. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി ബഡ്ജറ്റവതരണവേളയിൽ അറിയിച്ചു.

ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി പ്രതീക്ഷിക്കുന്നുണ്ട്. ജൈക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കാനാണ് തീരുമാനം.