uttarpredesh

ലക്നൗ: ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചൻ പൊതു നിരത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ. ര‌ഞ്ജിത്തിന്റെ ഭാര്യ സ്‌മൃതി ശ്രീവാസ്തവ,​ കാമുകൻ ദീപേന്ദ്ര,​ ഡ്രൈവർ സഞ്ജീവ് ഗൗതം എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, രഞ്ജിത്തിന് നേരെ വെടിയുതിർത്ത ജിതേന്ദ്ര എന്നയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമത്തിലാണെന്നും ലഖ്നൗ പൊലീസ് കമ്മിഷണർ സുജിത് പാണ്ഡെ അറിയിച്ചു. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നിൽ ഭീകരവാദികൾക്ക് ബന്ധമുണ്ടെന്ന് ആദ്യം അന്വേഷണ സംഘം സംശയിച്ചിരുന്നു. കൂടാതെ സാമ്പത്തിക തർക്കങ്ങളോ മറ്റോ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ കൊലപാതകത്തിന് പിന്നിൽ സ്‌മൃതിയും കാമുകനുമാണെന്ന് കണ്ടെത്തി.

രഞ്ജിത്തിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് 2016ൽ സ്‌മൃതി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കേസ് നടന്ന് വരികയായിരുന്നു. എന്നാൽ രഞ്ജിത്ത് വിവാഹമോചനം നൽകാൻ തയ്യാറായില്ല. കൂടാതെ കഴിഞ്ഞമാസം 17ന് സ്‌മൃതിയെ കണ്ടപ്പോൾ രഞ്ജിത്ത് മർദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രചോദനമായതെന്ന് പൊലീസ് കമ്മിഷണർ അറിയിച്ചു.

ലക്നൗവിന് സമീപം ഹസ്രത്ഗഞ്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ തന്റെ ബന്ധുവായ ആശിഷ് ശ്രീവാസ്തവിനോടൊപ്പം നടക്കാനിറങ്ങിയ രഞ്ജിത്തിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തലയിൽ വെടിയേറ്റ രഞ്ജിത് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു