ന്യൂഡൽഹി: തൊഴിൽ ലഭ്യമാക്കിയില്ലെങ്കിൽ ആറു മാസത്തിനുള്ളിൽ യുവാക്കൾ വടിയെടുത്ത് അടിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പാർലമെന്റിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ഭാഷയിൽ മറുപടി നൽകി. 'അടുത്ത ആറു മാസത്തിനുള്ളിൽ മോദിയെ യുവാക്കൾ അടിക്കുമെന്ന് ഒരു പ്രതിപക്ഷ എം.പി പറഞ്ഞത് ഞാൻ കേട്ടിരുന്നു. ഞാനും തീരുമാനിച്ചു. ആ ആറു മാസം കൂടുതൽ സൂര്യനമസ്‌കാരം ചെയ്ത് എന്റെ പുറം കരുത്തുള്ളതാക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളായി നിങ്ങളുടെ അധിക്ഷേപം ഞാൻ നേരിട്ടുകൊണ്ടിരിക്കുകയാണ് ' രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ മോദി പറഞ്ഞു.
തൊഴിലില്ലായ്മയെ കുറിച്ച് പറയൂവെന്ന് ഈ സമയം രാഹുൽ പ്രതികരിച്ചതോടെ മോദി പരിഹാസം കടുപ്പിച്ചു. ' ഞാൻ 30-40 മിനിറ്റായി ഇവിടെ സംസാരിക്കുന്നു. ഇപ്പോഴാണ് ആ ഭാഗത്ത് കറന്റ് എത്തിയത്. ചില ട്യൂബ് ലൈറ്റുകൾ ഇങ്ങനെയാണ്. പ്രതിപക്ഷത്തിന്റേത് ഒഴികെ തൊഴിലില്ലായ്മ ഞാൻ പരിഹരിക്കും' മോദി പറഞ്ഞു.
ഭരണപക്ഷം നിറഞ്ഞ കൈയടിയോടെയായിരുന്നു മോദിയുടെ വാക്കുകളെ എതിരേറ്റത്. മറുപടി നൽകാതെ, നിശബ്ദമായാണ് പരിഹാസത്തെ രാഹുൽ നേരിട്ടത്. ഡൽഹിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി മോദിയെ രാഹുൽ വിമർശിച്ചത്. തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ മോദിക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാകുമെന്നും രാഹുൽ പറഞ്ഞിരുന്നു.