coronavirus

ബീജിംഗ്: ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി. സ്വന്തം അഭിമാനം രക്ഷിക്കാനാണ് പെൺകുട്ടി കൊറോണയെ ഉപയോഗപ്പെടുത്തിയത്. യുവതിയുടെ മുറിക്കുള്ളിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ അടുത്ത് വന്നതും യുവതി ശക്തിയായി ചുമക്കാൻ തുടങ്ങി. താൻ വുഹാനിൽ നിന്നും എത്തിയതാണെന്നും ഇവർ പറഞ്ഞു. രോഗം കാരണം വീടിനുള്ളിൽ ഒറ്റയ്ക്ക് മാറി നിൽക്കുകയാണെന്നും യുവതി പറഞ്ഞു.

രോഗം കാരണം ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ചൈനയിലെ ജിങ്‌ഷാനിലാണ് സംഭവം. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും മൂന്ന് കിലോമീറ്റർ യാത്രയാണ് ഇവിടേയ്ക്ക് വേണ്ടത്.

മോഷണ ലക്ഷ്യത്തോടെയാണ് അക്രമി യുവതിയുടെ വീട്ടില്‍ കടന്നത്. എന്നാൽ,​ വീട്ടില്‍ യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ബലാത്സംഗത്തിന് മുതിരുകയായിരുന്നു. യുവതിയുടെ കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അവർ തുടർച്ചയായി ചുമച്ചത്. പീഡനശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാൾ മോഷ്ടിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം,​ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഇതിൽ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3694 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേർ രോഗക്കിടക്കയിലാണ്.