ജനപ്രിയ സീരിയൽ സംവിധായകനെതിരെ പരാതിയുമായി അഭിനേത്രികൾ പൊലീസ് സ്റ്റേഷനിൽ. 'സെമ്പുരുത്തി' എന്ന തമിഴ് സീരിയൽ സംവിധായകൻ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാർ പരാതി നൽകിയത്. ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് നടിമാർ പരാതി നൽകിയത്.
പരമ്പരയിലെ ചില രംഗങ്ങളിൽ അഭിനയിച്ചത് ശരിയല്ലെന്ന വ്യാജേന മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുന്നുവെന്നായിരുന്നു താരങ്ങളുടെ പരാതി. പരാതി കിട്ടിയ ഉടൻ പൊലീസ് ഉദ്യോഗസ്ഥർ സംവിധായകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.
നീരവ് നടിമാരോട് അത്തരം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചതിൽ മാപ്പ് പറഞ്ഞുവെന്നും, ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും റിപ്പോർട്ട് ഉണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രേക്ഷകരുള്ള സീരിയലാണ് സെമ്പരുത്തി. ഇതിൽ ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്ന പ്രിയാ രാമൻ അഭിനയിക്കുന്നുണ്ട്.