തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സംസ്ഥാനബഡ്ജറ്റ് പ്രവാസികളെ ചേർത്തുപിടിച്ചിരിക്കുകയാണ്. വിദേശത്തുള്ള പ്രവാസി മലയാളികൾക്കുള്ള ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ബഡ്ജറ്റില്‍ 90 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചിലവഴിച്ചത് 68 കോടി രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. പിണറായി സര്‍ക്കാര്‍ ഇതുവരെ മാത്രം 152 കോടി രൂപ പ്രവാസികള്‍ക്കായി ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കായുള്ള കരുതൽ
നാട്ടിലേക്ക് തിരിച്ച് വരുന്ന പ്രവാസികള്‍ക്കായി സ്വാഗതം പദ്ധതി നടപ്പിലാക്കും.
അറുപത് വയസിന് മേലെ പ്രായമുളള അംഗങ്ങള്‍ക്ക് പെന്‍ഷന്‍, രോഗമോ അപകമോ മൂലം സ്ഥിരമായ അവശത ഉണ്ടായാല്‍ അവശത പെന്‍ഷന്‍, രോഗബാധിതരായ അംഗങ്ങളുടെ ചികിത്സയാക്കായി ധനസഹായം, വിവാഹ ധനസഹായം, പഠന സഹായം തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രവാസി ക്ഷേമ നിധിയിലൂടെ നടപ്പിലാക്കുന്നത്. പ്രവാസി ചിട്ടി ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി വ്യാപിപ്പിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണേറ്റിരുന്നത്. പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരുമെന്നായിരുന്നു പ്രഖ്യാപനം. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബഡ്ജറ്റ് വ്യക്തമാക്കുന്നു.