furniture
image for representation purpose only...

കല്ലമ്പലം: 'വീട്ടിലുള്ള പോലത്തെ അതേ വാതിലും ജനലുമൊക്കെ തന്നെയാണല്ലോ ഈ കടയിലുമുള്ളത്'. വളരെ കുറച്ചു നേരത്തേക്കെ രാകേഷിന് ഈ അത്ഭുതം നിലനിർത്താൻ കഴിഞ്ഞുള്ളൂ. വീട്ടിലുള്ളത് പോലല്ല, അതുതന്നെയാണ് സംഭവമെന്ന് തിരിച്ചറിഞ്ഞപ്പോൾ നാവായിക്കുളം എസ്.കെ.മൻസിലിൽ രാകേഷിന്റെ മുഖഭാവം എന്തായിരുന്നെന്ന് ആർക്കും ഊഹിക്കാം. ആൾതാമസമില്ലാത്ത വീട്ടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫർണിച്ചറും മുകളിൽ പാകിയിരുന്ന ഓടും മോഷ്ടിച്ച വിവരം ഉടമസ്ഥൻ അറിയുന്നത്, പഴയ ഫർണിച്ചർ വിൽക്കുന്ന കടയിൽ സ്വന്തം വീട്ടിലെ ഉപകരണങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടപ്പോൾ മാത്രം.

കരവാരം പറക്കുളം ക്ഷേത്രത്തിനു സമീപത്തെ തന്റെ വീട്ടിൽ നിന്നാണ് ഫർണിച്ചർ മോഷണം നടന്നതെന്ന് രാജേഷ് പറയുന്നു. എട്ടു വാതിലുകൾ,10 ജനാല,രണ്ടു കട്ടിൽ,അലമാര, മച്ചിലെ തടികൾ എന്നിവയാണ് പ്രധാനമായും മോഷണം പോയത്. വഴിത്തർക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുള്ളതിനാൽ ഒന്നര വർഷമായി നാവായിക്കുളത്ത് വാടക വീട്ടിലാണ് താമസമെന്ന് രാകേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരാഴ്ചയ്ക്കു മുൻപ് നാവായിക്കുളത്തെ പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയിൽ ഇദ്ദേഹത്തിന്റെ വീട്ടിലുള്ളതു പോലുള്ള ഫർണിച്ചർ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും മോഷണം പോയ അതേ സാധനങ്ങളാണ് കടയിൽ കണ്ടതെന്ന് ബോധ്യമായത്. മോഷണ മുതലാണെന്ന് കടക്കാരും അറിഞ്ഞിരുന്നില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചു.