തിരുവനന്തപുരം: കേന്ദ്ര സഹായങ്ങൾ ലഭിക്കാതെ നട്ടം തിരിയുന്ന സമയത്തും സംസ്ഥാനത്തിനായി കൈനിറയെ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ വ്യക്തമാക്കികൊണ്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന ഒരു കാലത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതിനിധികളാണ് രാജ്യത്ത് ഭരണം കൈയാളുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.
സാധാരണക്കാർക്ക് പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കാൻ ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര ബഡ്ജറ്റിനെ ലാക്കാക്കി അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക നില തകർച്ചയിലേക്കാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബഡ്ജറ്റ് അവതരണത്തിലേക്ക് കടന്നത്. രണ്ടര മണികൂർ നേരം നീണ്ട സംസ്ഥാന ബഡ്ജറ്റ് അവതരണത്തിൽ പ്രവാസികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ച് നിരവധി ജനക്ഷേമ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ നോക്കാം.
താഴെക്കിടയിലുള്ള ജനങ്ങളുടെ പ്രധാന ആശങ്കയായ ഭക്ഷണ ലഭ്യതയെ ബഡ്ജറ്റിൽ ധനമന്ത്രി അഭിസംബോധന ചെയ്തു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ 25 രൂപയ്ക്ക് ഊണ് സർക്കാർ ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനായി 1000 ഭക്ഷണശാലകളും തുറക്കുമെന്നും അദ്ദേഹം ബഡ്ജറ്റിലൂടെ ഉറപ്പ് നൽകി. ഇതേ പദ്ധതിയുടെ ഭാഗമായി 200 കേരള ചിക്കൻ ഔട്‌ലെറ്റുകളും കേരള സർക്കാർ ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യവ്യാപകമായി സ്ത്രീസുരക്ഷാ വിഷയം വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിൽ അതിനും തന്റെ ബഡ്ജറ്റിൽ മന്ത്രി തോമസ് ഐസക്ക് പ്രാധാന്യം നൽകി. സംസ്ഥാനത്തെ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി നിർമിക്കപ്പെട്ട നിർഭയ ഹോമുകൾക്ക് 10 കോടി നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി സ്ത്രീസുരക്ഷയ്ക്ക് ബഡ്ജറ്റിൽ ഊന്നൽ നൽകിയത്. വനിതാക്ഷേമത്തിനുള്ള വിഹിതവും ഇരട്ടിയാക്കി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 1509 കോടി രൂപയാണ് വനിതാക്ഷേമത്തിനായി സർക്കാർ നീക്കി വയ്ക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രധാനമായും തൊഴിലാളികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ക്ഷേമ പെൻഷനിൽ 100 രൂപ കോടി ചേർത്തുകൊണ്ട് അത് 1300 രൂപയാക്കി വർദ്ധിപ്പിച്ചത് ബഡ്ജറ്റിലെ ഹൈലൈറ്റായി. എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർദ്ധനവാണ് അദ്ദേഹം ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. പുതിയതായി 2.5 ലക്ഷം കുടിവെള്ള കണക്ഷനുകൾ പ്രഖ്യാപിച്ചതും കൃത്യമായി ദാഹജലം ലഭിക്കാതെ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമായേക്കും.
ഇതിനായി 4384 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിന് 8523 കോടിനൽകുമെന്നും ഒരു ദിവസം 10 കോടി ലിറ്റർ കുടിവെള്ള വിതരണം ലക്ഷ്യം വയ്ക്കുന്നുവെന്നും ജല അതോറിറ്റിക്ക് 675 കോടിനൽകുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
സംസ്ഥാന വികസനത്തെ കൂടി ലക്ഷ്യം വച്ചുകൊണ്ടുള്ള ബഡ്ജറ്റാണ് മന്ത്രി തോമസ് ഐസക്ക് ഇത്തവണ അവതരിപ്പിച്ചത്. കൊച്ചി വികസനത്തിന് 6000 കോടി രൂപയാണ് അദ്ദേഹം ബഡ്ജറ്റിൽ വകയിരുത്തിയത്. കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും ഏകീകൃത ട്രാവൽ കോഡ് സംവിധാനം ലഭ്യമാകുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായി. ഇതോടൊപ്പമുണ്ടായ സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് പലിശ രഹിത വായ്‌പ്പ സർക്കാർ നൽകുമെന്ന പ്രഖ്യാപനം സംരംഭകർക്ക് ആശ്വാസം നൽകുന്നതാണ്.
അടിസ്ഥാന സൗകര്യ വികസന വിഷയത്തിൽ, 43 കിലോമീറ്ററുകളിൽ 10 ബൈപ്പാസുകളും, 53 കിലോമീറ്ററിൽ 74 പാലങ്ങളും കൊണ്ടുവരുമെന്ന പ്രഖ്യാപനവും ഉണ്ടായി. 2020-21ൽ കിഫ്ബിയിൽ 20,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ ആരംഭിക്കുമെന്നുമുള്ള പരാമർശവും ബഡ്ജറ്റിൽ ഉണ്ടായി. അതിവേഗ റെയിൽ പാതയുടെ ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിലെന്നും മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ബഡ്ജറ്റിൽ ഭവനപദ്ധതികൾക്കും ധനമന്ത്രി ആവശ്യമായ പ്രാമുഖ്യം നൽകിയിരുന്നു. പ്രളയ സമയത്ത് മലയാളിയുടെ രക്ഷകരായി അവതരിച്ച മത്സ്യ തൊഴിലാളികൾക്ക് 40,000 വീടുകൾ നിർമിച്ച് നൽകുമെന്ന പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും പ്രധാനം. സർക്കാരിന്റെ വിജയപദ്ധതികളിൽ ഒന്നായ ലൈഫ് മിഷനിലൂടെ ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും കൂടി സർക്കാർ നിർമിച്ച് നൽകുമെന്ന വാഗ്ദാനവും ഉണ്ടായി.
മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തെ കണക്കിലെടുത്ത് ഓഖി ഫണ്ട് വിനിയോഗത്തിൽ ഓഡിറ്റിങ്ങ് കൊണ്ടുവരുമെന്നും ഫിഷ് മാർക്കറ്റുകൾക്ക് 100 കോടി നൽകുമെന്നും 1000 കോടിയുടെ തീരദേശ പാക്കേജ് കൊണ്ടുവരുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
ആരോഗ്യ മേഖലയിൽ വികസനം ലക്ഷ്യം വച്ച്, മെഡിക്കൽ സർവീസസ് കോർപറേഷന് 50 കോടി നൽകുമെന്നും കെ.എസ്.ഡി.പി മരുന്ന് ഉത്പാദനം ആരംഭിക്കും മന്ത്രി പ്രഖ്യാപിച്ചു. കാൻസറിനുള്ള മരുന്നിന്റെ വില കുറയ്ക്കാൻ സാധിക്കുമെന്നും പതിനായിരം നഴ്‌സുമാർക്ക് വിദേശങ്ങളിൽ ജോലി സാധ്യത ഉറപ്പാക്കുന്നതിനായി ക്രാഷ് കോഴ്സ് നടത്തുന്നതിനായി 5 കോടി നൽകുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് സംസ്ഥാന സർക്കാർ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ, ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി നൽകുമെന്നും, 1000 പുതിയ തസ്തികകൾ, കോളേജുകളിൽ പുതിയതായി 60 കോഴ്‌സുകൾ, കോട്ടയം സി.എം.എസ് കോളേജിൽ ചരിത്ര മ്യൂസിയം എന്നിവ ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ ചിലവ് ചുരുക്കുന്നത് പ്രായോഗികമല്ലെന്നും അതിനായി മറ്റ് അധിക ചിലവുകൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ബഡ്ജറ്റിന് വിരുദ്ധമായി പ്രവാസികളെ സഹായിക്കുന നിരവധി പദ്ധതികളെ കുറിച്ചും മന്ത്രി തോമസ് ഐസക്ക് തന്റെ ബഡ്ജറ്റിലൂടെ വിശദീകരിച്ചു. പ്രവാസ ക്ഷേമ പദ്ധതികൾക്ക് 90 കോടി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ധനമന്ത്രി, പ്രവാസ ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും നൽകാൻ സർക്കാർ തീരുമാനമെടുത്തതായി അറിയിച്ചു. പ്രവാസ ചിട്ടി അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്നവർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.