വിവാഹവാർഷികത്തിൽ ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പ്രണയത്തെയും സംഗീതജീവിതത്തെയും കുറിച്ചാണ് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നത്. മിശ്രവിവാഹം നടത്തിയതിന്റെ പേരിൽ തന്റെയും ഭാര്യയുടെയും പ്രണയത്തെ മറ്റുള്ളവർ മിശ്ര് എന്നാണ് പരാമർശിക്കുന്നതെന്ന് ഷഹബാസ് കുറിച്ചു. ഫേസ്ബുക്കിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും ഗായകൻ പങ്കുവച്ചിട്ടുണ്ട്.
സംഗീതപരമായി മിശ്ര് എന്ന ഗണത്തില്‍പെടുന്ന രാഗങ്ങള്‍ ഒഴിച്ചുനിര്‍ത്തപ്പെട്ടവയാണെന്നും ഷഹബാസ് അമന്‍ പോസ്റ്റിലൂടെ പറയുന്നു. സംഗീതത്തിനും പ്രേമത്തിനും പഴക്കമേറുന്തോറും വീഞ്ഞു പോലെ വീര്യം കൂടും! അവയുടെ മിശ്ര് ഏറെ രുചികരമാവുമെന്നും ഗായകന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രേമം മാത്രം -11 (93-2004)
പ്രേമം വിത്ത് റ്റുഗതർനെസ് -16
ആകെ 27 സംവൽസരങ്ങൾ!
നക്ഷത്രങ്ങൾ മുഴുവനും ഒരാവർത്തി എണ്ണിക്കഴിഞ്ഞു😀
ഇന്ന് 16 ന്റെ ഓർമ്മ.സ്വാഭാവികമായി 11 ന്റെയും ! 11ന്മേൽ പിടിച്ചിട്ടാണല്ലൊ 16 ലേക്കും 23 ലേക്കുമൊക്കെ കേറിപ്പോവുക! "പരിശുദ്ധപ്രേമം" എന്ന് ഞങ്ങൾ സ്വയം വിചാരിക്കുന്നതിനെപ്പറ്റി ആളുകൾ പറയുക 'മിശ്ര്' എന്നാണു! ശ്രദ്ധിച്ചിട്ടില്ലേ അത്? മിശ്രവിവാഹം എന്നാണു ആ വാക്ക്! അയ്യേ! എന്ത് കഷ്ടമാണല്ലേ? എങ്ങനെ ആ പ്രയോഗം വന്നു എന്നറിയില്ല.സംസ്കൃതം വഴി വടക്കേ ഇൻഡ്യയിൽ നിന്ന് ഇങ്ങോട്ടെത്തിയതാവാനേ തരമുള്ളു.അല്ലെങ്കിൽ ദക്ഷിണേന്ത്യൻ ഭ്രാമണർ ഇവിടെ മാനുഫാക്റ്റ് ചെയ്ത തോ? അറിയില്ല.എന്തെങ്കിലും ആവട്ടെ.
മ്യൂസിക്കലി നോക്കുമ്പോൾ അങ്ങനെ പറയുന്നതിൽ ഒരു പ്രോബ്ലം ഉണ്ട്.(സംഗീതപരമായി) അത്ര 'ശരിയല്ല' ആ വാക്ക്.സംഗതി ട്രെഡീഷണലും ആഭ്യന്തരവുമാണേ.അറിയാത്തവർ ഒന്ന് മാറി നിന്ന് ജസ്റ്റ് നിരീക്ഷിച്ചാൽ മതി. കാര്യം ഇതാണു!ഭാരതീയ സംഗീതത്തിൽ ' ശുദ്ധരാഗങ്ങളും' മിശ്ര് രാഗങ്ങളുമുണ്ട്! ഒരു രാഗസഞ്ചാരത്തിൽ നിയമാനുസൃതം മുന്നിശ്ചിതമല്ലാത്ത സ്വരങ്ങൾ പെട്ടെന്ന് പ്രയോഗത്തിൽ കൊണ്ട് വരുന്നത് വാസ്തവത്തിൽ അനുവദനീയമല്ല! പക്ഷേ, വിഷയം സംഗീതമായത് കൊണ്ട് മറ്റു ശിക്ഷകളൊന്നും വിധിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ 'അശുദ്ധ'മെന്ന് കണക്കാക്കി 'മിശ്ര്' വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണു ചെയ്യുക!!
ഉദാഹരണത്തിനു ശിവരഞ്ജിനി രാഗത്തിൽ ഇതരഗാന്ധാരമധ്യമപ്രയോഗങ്ങളെങ്ങാൻ നടത്തിയാൽ അതിനെ പിന്നെ മിശ്ര് ശിവരഞ്ജിനി എന്നേ പറയൂ! മിശ്ര് പീലു, മിശ്ര് കമാജ് മിശ്ര് രാഗശ്രീ തുടങ്ങി അനേകം ഉണ്ട് വേറെ.
നിയമാനുസൃതരാഗ നിഷ്ക്കർഷരും നിയമനിരപേക്ഷരാഗാനന്ദികളും മാസ്റ്റേഴ്സിന്റെ കൂട്ടത്തിൽ ഉണ്ട്!.സൂഫി കാഫി എന്നൊരു സങ്കീർണ്ണമിശ്രസ്വര ശൈലി തന്നെയുള്ളതായി കാണുന്നുണ്ട് ഇൻഡ്യൻഉപഭൂഖണ്ഡത്തിൽ! ഭയങ്കര രസമാണു! അനിതരസാധാരണർക്കേ അതിൽ കൈ വെക്കാൻ പറ്റൂ എന്ന് തോന്നുന്നു! ഉസ്താദ് ഹുസൈൻ ബക്ഷ് ധാഡി മുതൽ ഉസ്താദ് സലാമത്ത് അലി ഖാൻ ഉസ്താദ് നസാകത്ത് അലിഖാൻ തൊട്ട് പുതുതലമുറയിലെ ഉസ്താദ് ഷഫ്ഖത് അലിയിലൂടെ ആ കണ്ണി ഒരു വഴിക്ക് അങ്ങനെ തുടരുന്നുണ്ട്.
കർണ്ണാട്ടിക് മ്യൂസിക്കിനു ഹിന്ദുസ്ഥാനിയെത്തന്നെ അത്ര പിടിക്കില്ല.പിന്നെയാണു മിശ്ര്! മതവാദികളെപ്പോലെ ,'അശുദ്ധം' ആയവ അവർ സഹിക്കയില്ല.അത്തരക്കാർക്ക് ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടുന്നത് സത്യത്തിൽ ഉൾക്കൊള്ളാൻ കഴിയുമോ? സംശയമാണു! എങ്കിൽ, കുറ്റകരമായ നഷ്ടപ്പെടുത്തൽ എന്നല്ലാതെ എന്ത് പറയേണ്ടൂ! തീർന്നില്ല! ഹിന്ദുസ്ഥാനിക്കകത്തു തന്നെയുണ്ട് പ്രകടമായ വരേണ്യ ശുദ്ധാശുദ്ധ വിഭാഗീയത! എല്ലാ വിഭാഗം ശുദ്ധതാ വാദികളും തുല്യദുഖിതർ😂
സംഗീതത്തിനും പ്രേമത്തിനും പഴക്കമേറുന്തോറും വീഞ്ഞു പോലെ വീര്യം കൂടും! അവയുടെ മിശ്ര് ഏറെ രുചികരം!
ഞങ്ങൾക്ക് സ്വന്തം ജീവിതം കൊണ്ട് ഉറപ്പിച്ച് പറയാനാകും 'മിശ്ര്' ശൈലി പോലെ ജീവിതരാഗത്തെ ഏകമാനതയിൽ നിന്ന് ഇത്തിരി തെന്നിച്ച് അതീവമധുരോദാരമാക്കുന്ന മറ്റൊന്നുമില്ല വെറെ എന്ന്! പക്ഷേ, അതിന്റെ പ്രയോഗസത്യത്തെയും ഉപയോഗസമയത്തെയും അളവിനെയും ആക്കത്തെയും ആയത്തെയും ആഴത്തെയുമൊക്കെ അറിയും പോലെ അറിഞ്ഞില്ലെങ്കിൽ ആ മധുരം അങ്ങോട്ട് പോകും! കയ്ച്ചിട്ട് നിക്കില്ല പിന്നെ! അത് കൊണ്ട് എല്ലാവരാലും ഇത് സാധ്യമാണെന്ന് തോന്നുന്നില്ല! അതിനാൽത്തന്നെ ഇതിനെ ജനറലൈസ് ചെയ്യാനോ പ്രമോട്ട് ചെയ്യാനോ ഞങ്ങളില്ല!
സംഗീതത്തെ അടുത്തറിയാൻ ശ്രമിക്കുന്നത് ജീവിതത്തെ അടുത്തറിയാൻ ഞങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട്! ഓരോ സ്വരങ്ങളും ഓരോ സ്ഫടികപാത്രങ്ങളാകുന്നു!
പെണ്ണേ ..'നീ' ഒരു സ്ഫടികസ്വരമാണു! ഫ്രജൈൽ! മെഹ്ദിപ്പാവ രഞ്ജ്ഷീ പാടാൻ തുടങ്ങുമ്പോൾ യമനിലെ നിഷാദം ആ മഹന്നാദത്തിൽ എത്രത്തോളം സൂക്ഷ്മശാന്തമാണോ, അത്രത്തോളം (ശ്രദ്ധയോടെ) ആവണേ എന്നാണാഗ്രഹം! എളുപ്പമല്ല.സമയം തരണേ....❤️😃🤝🙏🏽Happy 16th anniversary+11=27💎💎
എല്ലാ ശുദ്ധതാവാദികൾക്കും ഞങ്ങൾ 'മിശ്രിന്റെ' ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും....❤️🖤
Photo:ALAN RUMI