തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സംസ്ഥാന ധനമന്ത്രി ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗം നിയമസഭയിൽ ആരംഭിച്ചത്. രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന ഒരു കാലത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതിനിധികളാണ് രാജ്യത്ത് ഭരണം കൈയാളുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. എന്നാൽ സംസ്ഥാന ബജറ്റ് അവതരണത്തിലെ പ്രഖ്യാപനങ്ങൾ കേരളമെങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കെ മറ്റൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കൗതുകത്തെ ഉണർത്തുകയാണ്.
മന്ത്രി തോമസ് ഐസക്ക് നിയമസഭയിലേക്ക് കൊണ്ടുവന്ന ബഡ്ജറ്റ് ഉൾക്കൊള്ളുന്ന ഫയലിന്റെ പുറം ചട്ടയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി തന്റെ കൊലപാതകി നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് വീഴുന്ന ചിത്രമാണ് ബഡ്ജറ്റ് ഫയലിന്റെ കവറിൽ കാണുന്നത്. ഈ കവർ ചിത്രം തോമസ് ഐസക്ക് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. 'ഗാന്ധി ഹിംസ' എന്ന ഈ ചിത്രം വരച്ച ചിത്രകാരൻ ടോം വട്ടക്കുഴിക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ ചിത്രം ബഡ്ജറ്റ് ഫയലിന്റെ കവർചിത്രമായി ഉപയോഗിക്കാൻ അനുമതി നൽകിയതിനായിരുന്നു മന്ത്രി തോമസ് ഐസക്ക് ചിത്രകാരന് തന്റെ നന്ദി അറിയിച്ചത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'പ്രശസ്ത പെയിന്ററും ഇല്ലസ്ട്രേറ്ററുമൊക്കെയായ ടോം വട്ടക്കുഴിയുടെ ഗാന്ധിഹിംസ എന്ന ചിത്രമാണ് ഇത്തവണ ബജറ്റിന്റെ കവർ ചിത്രം. ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയതിന് ടോമിനോട് നന്ദി രേഖപ്പെടുത്തുന്നു.'