രാമശേരി ഇഡലി എന്നത് ഏറെ പെരുമകേട്ടതാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് തഞ്ചാവൂരിൽ നിന്നും നെയ്ത്തുവേലയ്ക്കായാണ് മുതലിയാർ സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ രാമശേരിയിൽ എത്തിയതുമുതലാണ് രാമശേരി ഇഡലിയുടെ ആരംഭം കുറിക്കുന്നത്. കാലക്രമേണെ നെയ്ത്ത് കുറഞ്ഞപ്പോൾ ചിറ്റൂരി എന്ന് പേരുണ്ടായിരുന്ന മുത്തശിയാണ് ഈ ഇഡലി ആദ്യമായി ഉണ്ടാക്കിയത്. അക്കാലത്ത് കുട്ടയിൽ കൊണ്ടുനടന്ന് ഇഡലി വിൽക്കുകയായിരുന്നു. ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത ഇഡലി തലമുറകൾ പിന്നിട്ടപ്പോൾ രാമശേരി ഇഡലി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
അരി, ഉഴുന്ന്, ഉപ്പ്, കറിവേപ്പില, എന്നിവ പ്രത്യേക പാകത്തിൽ ചേർത്ത് മാവ് തയ്യാറാക്കി പ്ലാച്ചി ഇലയിലാണ് ഇഡലി ഉണ്ടാക്കുന്നത്. ഗുണനിലവാരമുള്ള ഉഴുന്നും അരിയുമാണ് ഉപയോഗിക്കുന്നത്. മുമ്പൊക്കെ കേരളത്തിൽ നിന്നുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡലി ഒരു ആഴ്ചവരെ കേടാകാതെ നിൽക്കുമായിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള അരികൊണ്ടുണ്ടാക്കുന്നത്കൊണ്ട് രണ്ട് ദിവസത്തോളം മാത്രമേ കേടുകൂടാതെ ഇരിക്കൂവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രാമശേരി ഇഡലിയുടെ പാകം ഒരാൾക്കും പറഞ്ഞുകൊടുക്കാൻ പറ്റില്ല. എല്ലാരും രാമശേരി ഇഡലി പൊടിയാണ് വാങ്ങിക്കുന്നത്. ഓരോ അരിക്കനുസരിച്ചാകും ഉഴുന്നിന്റെ വ്യത്യാസം വരുക.
ഇവരുടെ വീടിനടുത്തെ കടകളിൽ സാമ്പാറിനും ചഡ്നിക്കും ഒപ്പം കഴിക്കവുന്ന ഈ ഇഡ്‌ലിക്ക് ഒരെണ്ണത്തിന് എട്ട് രൂപയാണ് വില. സൂപ്പർമാർക്കറ്റിലും ബേക്കറികളിലും വിൽക്കുന്നത് കുറച്ചുകൂടി കൂടിയ വിലയ്ക്കാണ്. രാമശേരി ഇഡലിയുടെ പെരുമ ഏറിയപ്പോൾ തമിഴ്നാട്ടിലെ ഒരുഭാഗത്തെ ഹോട്ടലിൽ ഇഡലി ഉണ്ടാക്കാൻ രാമശേരിയിൽ നിന്നും രണ്ടുപേരെകൊണ്ടുപോയി. ആ ഹോട്ടലിൽ നിന്നും രാമശേരി കഴിക്കണമെങ്കിൽ ഒരെണ്ണത്തിന് 150 രൂപയാണ് വില.