കൊച്ചി : 'ഇ.വി സിറാജിനെ എത്രനാളായിട്ട് അറിയും?' 'അതാരാണ് സാർ?' 1,500 കോടിയുടെ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത മുഖ്യപത്രിയുടെ വിവരങ്ങൾ തേടി കൊച്ചി എളമക്കരയിലെത്തിയ പൊലീസിന് പരിസരവാസികൾ നൽകിയത് മറുചോദ്യം. മൂന്ന് വർഷം മുമ്പ് എളമക്കരയിൽ എത്തിയ സിറാജ് ആരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. ബിസിനസുകാരനാണെന്ന് മാത്രമേ അയൽവാസികൾക്ക് അറിയൂ. സിറാജ് മാത്രമല്ല, ഇയാളുടെ കുടുംബവും അയൽവാസികളോട് ഇടപഴകിയിരുന്നില്ല. സ്വർണക്കടത്ത് കേസിൽ ഇയാൾ അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് അയൽവാസികൾ.
എല്ലാം അതീവ രഹസ്യം !
ഡി.ആർ.ഐ മുംബയ് യൂണിറ്റ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിറാജിനെ കൊച്ചിയിൽ എത്തി അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ ഇയാളെ മാസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. വിദേശത്ത് ബിസിനസ് നടത്തുകയായിരുന്ന സിറാജ് അന്വേഷണം തുടങ്ങിയപ്പോൾ ഗൾഫിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂർ വിമാനത്താവളം വഴിയാണ് വീട്ടിലെത്തിയത്. പിന്തുടർന്നെത്തിയ ഡി.ആർ.ഐ സംഘം സിറാജിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
പെരുമ്പാവൂർ സ്വദേശി നിസാർ അലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന സ്വർണക്കടത്തിൽ സിറാജ് വൻനിക്ഷേപം നടത്തിയതായി ഡി.ആർ.ഐയുടെ കണ്ടെത്തി. കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജ്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ്. വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ എത്തി. എറണാകുളം നഗരത്തിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കൊച്ചി ബ്രോഡ്‌വേയിൽ സ്വർണക്കട നടത്തി വരികയായിരുന്നു. പിന്നീട് ഇയാളുടെ വളർച്ച പെട്ടെന്നായിരുന്നു. ഇവിടെ നിന്നാണ് മൂന്ന് വർഷം മുമ്പ് എളമക്കരയിൽ വീടും സ്ഥലവും വാങ്ങി താമസം മാറിയത്. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഇയാൾ ജീവിച്ചിരുന്നത്.
പിത്തള സ്ക്രാപ്പിന്റെ പേരിൽ
4500 കിലോഗ്രാം വരുന്ന സ്വർണം ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് സിറാജും സംഘവും തുറമുഖങ്ങൾ വഴി കടത്തിയത്. 2017 ഫെബ്രുവരി മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള രണ്ട് വർഷങ്ങളിലായാണ് ഇത്രയധികം സ്വർണം ഇന്ത്യയിലേക്കെത്തിയത്. പിത്തള സ്‌ക്രാപ്പെന്ന പേരിലാണ് ഇവിടെ നിന്ന് സ്വർണം കണ്ടെയ്‌നറിൽ കയറ്റുന്നത്. തിരിച്ചറിയാതിരിക്കാൻ സ്വർണം പല രൂപങ്ങളിലേക്ക് മാറ്റി കറുത്ത കട്ടിയുള്ള പെയിന്റ് അടിക്കുന്നു. പിത്തള സ്‌ക്രാപ്പിനൊപ്പം പ്രത്യേക അറകളിൽ പെയിന്റ് അടിച്ച് സ്വർണം സൂക്ഷിക്കുന്നു. ഇത് തുറമുഖങ്ങളിലെ എക്‌സ്‌റേ പരിശോധനയിൽ പോലും തിരിച്ചറിയില്ലെന്ന് റിപ്പോർട്ടിൽ ഡി.ആർ.ഐ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ മുദ്ര തുറമുഖം വഴി കടത്തിയ 90 കിലോ സ്വർണം കേരളത്തിൽ വിതരണം ചെയ്യുന്നത് സിറാജ് ആണെന്ന് ഡി.ആർ.ഐയുടെ റിപ്പോർട്ട് പറയുന്നു. കൊച്ചി ബ്രോഡ്‌വേയിലെ ക്രസെന്റ് എന്ന സ്ഥാപനം മറയാക്കിയാണ് സ്വർണക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകൾ സിറാജ് നടത്തിയിരുന്നത്. ഇപ്പോൾ മുംബയ് ജയിലിലുള്ള സിറാജിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഡി.ആർ.ഐ സംഘത്തിന്റെ നീക്കം.