sabarimala

ന്യൂഡൽഹി: ശബരിമലയിലെ തിരുവാഭരണത്തിന്റെ കണക്കെടുക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ സുപ്രീം കോടതി നിയോഗിച്ചു. ഒരു മാസത്തിനുള്ളിൽ സീൽവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. സംസ്ഥാന സർക്കാരാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജ.രാമചന്ദ്രൻ നായരുടെ പേര് നിർദേശിച്ചത്.

അതേസമയം, തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നും,​ തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും, ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. നാലാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ശബരിമല ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന തിരുവാഭരണങ്ങൾ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി നേരത്തെ രംഗത്തുവന്നിരുന്നു.

തിരുവാഭരണത്തില്‍ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി ബുധനാഴ്ച വിമർശിച്ചിരുന്നു. പന്തളം രാജകുടുംബാംഗമായ രാമവർമ്മ ക്ഷേത്രഭരണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നിലവിലെ കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുന്നില്ലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണവും മറ്റ് കാര്യങ്ങളെന്നും ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പന്തളം കൊട്ടാരത്തിൽ തർക്കം രൂക്ഷമാണെന്നും സംസ്ഥാന സർക്കാരിന് തിരുവാഭരണങ്ങൾ ഏറ്റെടുത്തുകൂടെയെന്നും കോടതി അന്ന് കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു.