trump

ന്യൂയോർക്ക്: അൽ ഖ്വയിദ നേതാവ് ഖാസിം അൽ റിമിയെ അമേരിക്കൻ സേന വകവരുത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറേബ്യൻ ഉപദ്വീപിലെ അൽ ഖ്വയിദയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഖാസിം അൽ റിമി ആയിരുന്നു. കഴിഞ്ഞവർഷം ഫ്ളോറിഡയിലെ യു.എസ് നേവൽ ബേസിലുണ്ടായ വെടിവ്യ‌്പ്പിന്റെ സൂത്രധാരൻ അൽ റിമിയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികരും ഒരു സൗദി വൈമാനികനും കൊല്ലപ്പെട്ടിരുന്നു.

അൽ ഖ്വയിദയുടെ ഏറ്റവും വിനാശകരമായ വിഭാഗം എന്നാണ് ഖാസിമിന്റെ അൽ ഖ്വയിദ ഇൻ അറേബ്യൻ പെനിസുല (എ.ക്യു.എ.പി) ഗ്രൂപ്പ് അറിയപ്പെടുന്നത്. ഓപ്പറേഷൻ വിജയകരമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കൻ ജനതയെ ഇല്ലായ്‌മ ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഭീകരരെ ഇല്ലായ്‌മ ചെയ്യാണ് അമേരിക്കൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും, കർമ്മം തുടർന്നുകൊണ്ടേയിരിക്കുമെന്നും ട്രംപ് വ്യക്താക്കി. എന്നാൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അദ്ദേഹം തയ്യാറായില്ല.

അതേസമയം, മാസങ്ങൾനീണ്ട ഇംപീച്ച്‌മെന്റ് വിചാരണയ്‌ക്കൊടുവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിജയം. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുർവിനിയോഗം, യു.എസ്. കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ശരിവയ്‌ക്കേണ്ടതാണോ എന്നീകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സെനറ്റിൽ ബുധനാഴ്‌ച നടന്ന വോട്ടെടുപ്പിലാണ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. അധികാരദുർവിനിയോഗക്കുറ്റത്തിൽ 48നെതിരെ 52 വോട്ടിനും കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തിയ കുറ്റത്തിൽ 47നെതിരെ 53 വോട്ടിനുമാണ് ട്രംപിന്റെ വിജയം.