ദുബായ്: ഗൾഫ് മേഖലയിലെ രാജ്യങ്ങളെ വരും കാലങ്ങളിൽ തേടി വരുന്നത് കടുത്ത പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ(ഐ.എം.എഫ്) പ്രവചനം. പ്രധാന വരുമാന മാർഗമായി എണ്ണ ഉത്പാദനത്തെ ആശ്രയിക്കുന്ന ജി.സി.സി(ഗൾഫ് കോർപറേഷൻ കൗൺസിൽ) രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും ഐ.എം.എഫ് നിരീക്ഷിക്കുന്നു.
മുൻപ് കരുതിയിരുന്നതിലും വേഗത്തിൽ ലോകത്തിന്റെ എണ്ണ ആവശ്യകതയിൽ കാര്യമായ കുറവ് സംഭവിക്കുമെന്നും ഇത് കാരണം ഗൾഫ് രാജ്യങ്ങൾ പ്രതിസന്ധിയിൽ അകപ്പെടുമെന്നുമാണ് ഐ.എം.നിരീക്ഷിക്കുന്നത്. 2034ഓടെയാണ് ഗൾഫ് രാജ്യങ്ങൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയെന്നും അന്താരാഷ്ട്ര നാണയ നിധി കണക്കുകൂട്ടുന്നു.
അടുത്ത 10 വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിലെ എണ്ണ ശേഖരവും ഉപയോഗിച്ച് 'തീരുമെന്നും തുടർന്ന് വൻ നഷ്ടം ഈ മേഖല അഭിമുഖീകരിക്കുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. ഐ.എം.എഫിന്റെ പശ്ചിമേഷ്യ, മദ്ധ്യേഷ്യ വിഭാഗങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധരാണ് ഈ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നത്.
എണ്ണയുടെ ആവശ്യകതയിലും ലഭ്യതയിലും ലോകമാകെ ഘടനാപരമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി രൂക്ഷമാകുന്നതോടെ രണ്ട് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഗൾഫ് മേഖലയ്ക്ക് ഉണ്ടാകാൻ പോകുന്നത്.
ഇതിൽ നിന്നും കരകയറാൻ അടിയന്തിരമായി സാമ്പത്തിക മാറ്റങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ തയാറാകണം. എണ്ണയിൽ മാത്രം പ്രതീക്ഷ അർപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണെങ്കിൽ സാമ്പത്തിക പതനത്തിലേക്കാകും ഗൾഫ് മേഖല ചെന്നെത്തുക. ഐ.എം. മുന്നറിയിപ്പ് നൽകുന്നു.
എണ്ണയിൽ നിന്നുമല്ലാതെ ഊർജ്ജം ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങൾ ലോകത്താകെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് എണ്ണയുടെ ആവശ്യകതയിൽ കുറവ് സംഭവിക്കാൻ കാരണം. എണ്ണ ഇന്ധനങ്ങളെക്കാൾ മികച്ച കാര്യക്ഷമതയുള്ള എണ്ണയിതര ഊർജ്ജ മാർഗങ്ങൾ ലോകമാകെ ഇപ്പോൾ വ്യാപകമായി തന്നെ ഉപയോഗത്തിലുണ്ട്.
എണ്ണയുടെ ആവശ്യം കുറഞ്ഞ സമയത്തും ഗൾഫ് രാജ്യങ്ങൾ വ്യാപകമായി എണ്ണ ഉത്പാദിപ്പിച്ചതും വൻ തിരിച്ചടിയായിരുന്നു. വിറ്റുപോകാത്ത എണ്ണ ഗൾഫ് സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്തു. നഷ്ടത്തെ മറികടക്കാനായി ബഡ്ജറ്റ് ചിലവ് കാര്യമായി ഉയർത്തുകയാണ് രാജ്യങ്ങൾ ചെയ്തത്. ഇതിന്റെ ആഘാതത്തിൽ നിന്നും ഗൾഫ് മേഖല ഇനിയും പുറത്തു കടന്നിട്ടില്ല.
പെട്രോകെമിക്കലുകളുടെ ഉത്പാദനത്തിലേക്ക് എണ്ണ ഉത്പാദനത്തെ വഴിതിരിച്ചുവിട്ടാൽ ഒരു പരിധി വരെ ഗൾഫ് മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമെന്നും ഐ.എം.എഫ് പറയുന്നത്. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ(ഒപെക്കിൽ അംഗങ്ങളായ രാജ്യങ്ങൾ) എന്നീ രാജ്യങ്ങളാണ് ഗൾഫിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകർ.
ഇക്കൂട്ടത്തിൽ സൗദി, യു.എ.ഇ എന്നീ രാജ്യങ്ങൾ എണ്ണയിതര ഇന്ധനമാർഗങ്ങളിലേക്ക് ചുവടുവയ്ക്കാൻ ആരംഭിച്ചുകഴിഞ്ഞു. ഏതായാലും ഗൾഫ് സാമ്പത്തിക മേഖലയിലെ ഈ പ്രതിസന്ധി ഗൾഫിലെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.