ehsanulla-ehsan

ഇസ്ലാമബാദ്: സമാധാന നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ പാക്‌ താലിബാൻ കമാൻഡർ ഇഹ്‌സാനുല്ല ഇഹ്‌സാൻ ജയിൽ ചാടി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖയിലൂടെ ഇഹ്സാൻ തന്നെയാണ് താൻ ജയിൽ ചാടിയ വിവരം പുറത്ത് വിട്ടത്. 2017ൽ കീഴടങ്ങിയപ്പോൾ പാക് അധികൃതർ തനിക്ക് നൽകിയ വാഗ്‍ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ദൈവത്തിന്റെ സഹായത്തോടെ താൻ

ജനുവരി 11ന് ജയിലി‍ൽ നിന്ന് രക്ഷപ്പെട്ടെന്നും തന്റെ മക്കളെയടക്കം തടവിലിട്ടതോടെയാണ് ജയിൽ ചാടാൻ തീരുമാനിച്ചതെന്നും ഇഹ്സാൻ പറയുന്നു. തന്റെ വാസസ്ഥലം വെളിപ്പെടുത്താതെ തടവിലാക്കപ്പെട്ട ദിവസങ്ങളെക്കുറിച്ചും വരും ദിവസങ്ങളിലെ ഭാവി പദ്ധതികളെക്കുറിച്ചും ഇഹ്‌സാൻ ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ശബ്ദരേഖയുടെ ആധികാരികത പാകിസ്ഥാൻ ഉറപ്പുവരുത്തിയിട്ടില്ല. 2012ൽ മലാലയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചതിനും 2014ൽ പെഷവാറിലെ ആർമി സ്‌കൂളിൽ ഭീകരാക്രമണം നടത്തിയ കേസിലുമാണ് ഇഹ്‌സാനെ പ്രതി ചേർത്തിരിക്കുന്നത്.