ഗുവാഹത്തി : ബോഡോ കരാർ അസാമിൽ സമാധാനത്തിന്റെ പുതിയ പ്രഭാതം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോഡോ തീവ്രവാദികളുമായി സമാധാന കരാർ ഒപ്പിട്ടതിന്റെ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ അസാമിലെ കോകാരാഛറിൽ എത്തിയതായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് ബോഡോ കരാർ പ്രാവർത്തികമായത്. ഇനി സമാധാനത്തിനായും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായും പ്രവർത്തിക്കേണ്ട കാലമാണെന്നും അക്രമം തിരിച്ചു തിരിച്ചുകൊണ്ടുവരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ പ്രകാരം ബോഡോ ലാൻഡിന്റെ വികസനത്തിനായി 1500 കോടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാസാക്കിയത് മൂലം ലക്ഷക്കണക്കിന് കുടിയേറ്റക്കാർ അസാമിൽ വന്ന് പാർക്കുമെന്നുള്ളത് കിംവദന്തി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറ് മാസം കഴിഞ്ഞ് മോദിക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും രാജ്യത്തെ യുവാക്കൾ അദ്ദേഹത്തെ വടി കൊണ്ട് അടിക്കുമെന്നും പറഞ്ഞ രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കാനും മോദി മറന്നില്ല. 'ചിലപ്പോഴൊക്കെ നേതാക്കന്മാർ എന്നെ വടികൊണ്ട് മർദ്ദിക്കുന്ന കാര്യം പറയുന്നു. എന്നാൽ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാകവചം എനിക്ക് മേൽ ഉള്ളതിനാൽ എത്ര വടികൊണ്ട് അടിച്ചാലും എനിക്ക് ഒന്നും സംഭവിക്കുകയില്ല' - മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ അസാമിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് ശേഷം ആദ്യമായാണ് മോദി അസാം സന്ദർശിച്ചത്. പ്രതിഷേധത്തെ തുടർന്ന് അസാമിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗുവാഹത്തിയിൽ നടത്താനിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയും ഇതേ തുടർന്ന് റദ്ദാക്കിയിരുന്നു. 'ഖേലോ ഇന്ത്യ' കായിക പരിപാടിയിലും മോദി പങ്കെടുത്തിരുന്നില്ല. ബോഡോ ജനുവരി 27 നാണ് അസാമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോ ലാൻഡുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവച്ചത്. കരാറിന് പിന്നാലെ ബോഡോലാന്റിന്റെ 1615 കേഡറുകൾ ആയുധങ്ങളുമായി കീഴടങ്ങിയിരുന്നു.