budhet-

തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ നൂറു രൂപ വർദ്ധിപ്പിച്ചും, 25 രൂപയ്ക്ക് ഊണു കിട്ടുന്ന 1000 കുടുംബശ്രീ ഹോട്ടലുകൾ പ്രഖ്യാപിച്ചും ജനക്ഷേമ ലൈൻ ഒരുവശത്ത്. കെട്ടിടനികുതിയും വാഹനനികുതിയും കൂട്ടിയും, ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിച്ചും ജനങ്ങൾക്കു മേൽ അധികഭാരം ചുമത്തുന്ന മറുവശം. ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ ഇന്നലെ അവതരിപ്പിച്ച പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിന്റെ മുഖചിത്രം ഇങ്ങനെ.

1000കോടിയുടെ പുതിയ ഗ്രാമീണ റോഡ്, തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിലിന് ഉടൻ സ്ഥലമേറ്റെടുക്കൽ, ബേക്കൽ- കോവളം ജലപാതയിൽ ഇക്കൊല്ലം തന്നെ സർവീസ്, 2.5 ലക്ഷം പേർക്ക് പുതിയ കുടിവെള്ള കണക്‌ഷൻ തുടങ്ങി വികസന പദ്ധതികളും പ്രഖ്യാപിച്ചു. പുതിയ വൻകിട പദ്ധതികൾ കാര്യമായില്ല. തിരഞ്ഞെടുപ്പു കാലത്തേക്ക് നീങ്ങുന്നതിനാൽ ക്ഷേമപദ്ധതികളിൽ കാര്യമായ ശ്രദ്ധയുണ്ട്.

അധിക നികുതികൾക്കു പുറമേ ജി.എസ്.ടി പിരിവ് കാര്യക്ഷമമാക്കിയും വാറ്റ് കുടിശ്ശിക പിരിച്ചും ചെലവ് ചുരുക്കിയും വരുമാനം കണ്ടെത്താനാണ് ശ്രമം. അധികജീവനക്കാരെ പുനർവിന്യസിക്കാനും ക്ഷേമപെൻഷനുകളിൽ അനർഹരെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. 1,14,635.90 കോടി രൂപ വരവും ,29,837.37കോടി ചെലവും കണക്കാക്കുന്ന ബഡ്ജറ്റിൽ 15201.47കോടിയാണ് റവന്യു കമ്മി കണക്കാക്കുന്നത്. 1103 കോടിയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നു. 632.93 കോടിയുടെ അധികച്ചെലവ് വരുന്ന പ്രഖ്യാപനങ്ങളാണ് ബഡ്‌ജറ്റിൽ.

പൗരത്വവിഷയത്തിലും സംസ്ഥാനത്തോടുള്ള അവഗണനയിലും സാമ്പത്തികമാന്ദ്യം നേരിടുന്നതിലുമടക്കം കേന്ദ്രസർക്കാരിനെതിരെ നിശിതവിമർശനം പ്രസംഗത്തിലുണ്ട്. സമയദൈർഘ്യം കാരണം ഏതാനും പേജുകൾ വായിച്ചതായി കണക്കാക്കണമെന്ന അഭ്യർത്ഥനയോടെ ഒഴിവാക്കിയാണ് 2.33 മണിക്കൂറെടുത്ത് അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയത്. ടാഗോറും സച്ചിദാനന്ദനും കെ.ജി.ശങ്കരപ്പിള്ളയും ആനന്ദും ബെന്യാമിനും തൊട്ട് ഒറ്റപ്പാലം വാണിയംകുളം സ്കൂൾ വിദ്യാർത്ഥിനി ത്വാഹിദ ഷിർ വരെയുള്ളവരുടെ വരികൾ ഉദ്ധരിച്ച് ബഡ്ജറ്റ് പ്രസംഗത്തെ ഐസക് സർഗാത്മകമാക്കി.

ബഡ്ജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ

 ക്ഷേമ പെൻഷനുകൾ 100 രൂപ ഉയർത്തി 1300 രൂപയാക്കി

 3000 ചതുരശ്ര അടി മുതൽ കെട്ടിട നികുതി കൂടും

 2 ലക്ഷം വരെയുള്ള മോട്ടോർ സൈക്കിളിന് ഒരു ശതമാനം നികുതി

 15 ലക്ഷം വരെയുള്ള കാറിന് രണ്ട് ശതമാനം അധിക നികുതി

 സേവനങ്ങൾക്ക് നിരക്കു വർദ്ധന

 മത്സ്യത്തൊഴിലാളികൾക്ക് 40000 വീട്

 2.5 ലക്ഷം പേർക്ക് കുടിവെള്ള കണക്‌ഷൻ

 1000 കോടിയുടെ പുതിയ ഗ്രാമീണ റോഡ്

 ഹൈസ്പീഡ് റെയിൽ സ്ഥലമെടുപ്പ് ഉടൻ

 ബേക്കൽ- കോവളം ജലപാതയിൽ ഇക്കൊല്ലം സർവീസ്

ഒറ്റ നോട്ടത്തിൽ

 തീരദേശപാക്കേജിന് 1000 കോടി
 കുട്ടനാട് പാക്കേജിന് 2400 കോടി

 വയനാട് പാക്കേജിന് 2000 കോടി

 ഇടുക്കി പാക്കേജിന് 1000 കോടി

പൊതുമരാമത്ത് വകുപ്പ് 5000 കി.മീ. റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കും

 ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് 2440കോടി

 ക്ഷേമപെൻഷനുകൾ വാങ്ങുന്ന അനർഹരെ ഒഴിവാക്കി 700കോടി ലാഭം

 ഒരു ലക്ഷം പുതിയ വീടുകൾ

 കെ.എസ്.ആർ.ടി.സിക്ക് 1000കോടി

 കാർഷികേതര മേഖലയിൽ 1.5 ലക്ഷം തൊഴിലവസരം

 എയ്ഡഡ് സ്കൂളിലെ അദ്ധ്യാപക നിയമനത്തിൽ ഒരു കുട്ടി കൂടിയാൽ ഒരു തസ്തികയെന്നത് തടയും

 എം.എൽ.എമാർ നിർദ്ദേശിച്ച 1500 കോടിയുടെ നിർമ്മാണപ്രവൃത്തികൾക്ക് അംഗീകാരം
 12000 പുതിയ പൊതു ടോയ്‌‌ലെറ്റുകൾ
 സ്കൂൾ യൂണിഫോം അലവൻസ് 600 രൂപ
 ആശാവർക്കർമാർക്ക് 500 രൂപയുടെ വർദ്ധന
നവംബർ മുതൽ സി.എഫ്.എൽ, ഫിലമെന്റ് ബൾബ് നിരോധിക്കും

 സർക്കാർ, എയ്ഡഡ് കോളേജുകളിൽ 1000 പുതിയ തസ്തികകൾ
 100 ഏക്കറിൽ 150 കോടിയുടെ മെഗാ ഫുഡ്പാർക്ക്
 പ്രവാസി ക്ഷേമത്തിന്റെ അടങ്കൽ 90 കോടി
 5000 ഏക്കർ വ്യവസായ പാർക്ക്
പുതിയ തൊഴിൽ സ്ഥാപനങ്ങളിൽ പി.എഫ് വിഹിതവും സ്ത്രീകൾക്ക് പ്രത്യേകമായി 2000 രൂപയും സർക്കാർവക.
 500 മെഗാവാട്ട് വൈദ്യുതി സ്ഥാപിതശേഷി
 ടൂറിസം വികസനത്തിന് 320 കോടി
 50000 കി.മീ. തോടുകൾ ശുദ്ധീകരിക്കൽ
കുടുംബശ്രീക്ക് 200 ചിക്കൻ വിപണകേന്ദ്രം, 1000 ഹരിത സംരംഭങ്ങൾ, 1000 വിശപ്പുരഹിത ഹോട്ടലുകൾ
 20 കോടി ചെലവിൽ രണ്ടു റൈസ് പാർക്കുകൾ
 റബർപാർക്ക് ഒന്നാംഘട്ടം ന്യൂസ് പ്രിന്റിന്റെ 500 ഏക്കറിൽ
 കയർ കടാശ്വാസത്തിന് 25 കോടി
കെ.എഫ്.സിക്ക് 200 കോടിയുടെ മൂലധന നിക്ഷേപം
 1891 പദ്ധതികളിലായി 8521 കോടിയുടെ കുടിവെള്ള പദ്ധതികൾ
 പതിനായിരം പട്ടികവിഭാഗ യുവജനങ്ങൾക്ക് തൊഴിൽ
 എസ്.സി.പിക്ക് 386 കോടി, ടി.എസ്.പിക്ക് 115 കോടി
 മറ്റ് സമുദായക്ഷേമത്തിന് 101 കോടി
ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി
മുന്നാക്ക സമുദായക്ഷേമത്തിന് 36 കോടി
ഭിന്നശേഷിക്കാർക്ക് 217 കോടി