ബീജിംഗ്: കൊറോണ നിയന്ത്രണാതീതമായി വ്യാപിക്കുമ്പോൾ ചൈനയിൽ മരണസംഖ്യ 636 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,161 ആയി. അതിനിടെ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയ ഡോ. ലി വെൻലിയാംഗിന്റെ മരണം ചൈനയിലെ ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയെ കരുതി മുന്നറിയിപ്പ് നൽകിയ ഡോക്ടറെ ചൈന ഭീഷണിപ്പെടുത്തി നിശബ്‍ദനാക്കുകയായിരുന്നു. കൊറോണയെ സംബന്ധിക്കുന്ന വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനാണ് ചൈനീസ് അധികൃതർ ശ്രമിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. ലിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘം ഇന്നലെ ഹുബെയ് പ്രവിശ്യയിലേക്ക് തിരിച്ചിട്ടുണ്ട്.വൈറസിനെ നിയന്ത്രിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും
ചൈന കൊറോണയെ കീഴടക്കുക തന്നെ ചെയ്യും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു.
അതേസമയം, ബ്രിട്ടനിൽ മൂന്നാമതൊരാൾക്കുകൂടി വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്ന് എത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി രോഗിയെ ലണ്ടനിലെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ഒരാഴ്ചമുമ്പ് രണ്ടു ചൈനീസ് വംശജർക്ക് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.