budget-

കൊച്ചി: സാമ്പത്തിക പരിമിതികൾക്ക് ഇടയിലും കേരളത്തിന്റെ സർവ മേഖലയുടെയും ക്ഷേമത്തിന് ഇക്കുറി ബഡ്‌ജറ്റിൽ ഊന്നൽ നൽകാൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് ശ്രദ്ധിച്ചു. കാർഷികം, വിദ്യാഭ്യാസം, ടൂറിസം, സ്‌റ്റാർട്ടപ്പ്, ചെറുകിട-വൻകിട വ്യവസായം, ആരോഗ്യം, സ്‌ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, പ്രവാസി ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം, ഐ.ടി എന്നിവയ്ക്കെല്ലാം ബഡ്‌‌ജറ്റിൽ പരിഗണനയുണ്ട്.

ചെലവ് ചുരുക്കുന്നത് വികസനത്തെ ബാധിക്കുമെന്ന് പറഞ്ഞ ധനമന്ത്രി, അധികച്ചെലവ് നിയന്ത്രിക്കാനുള്ള നടപടികൾ ബഡ്‌ജറ്രിൽ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 15 ശതമാനമാണ് ഇക്കുറി ബഡ്‌ജറ്രിൽ അധികച്ചെലവ്. ക്ഷേമ പെൻഷനിൽ അനർഹരെ ഒഴിവാക്കി, 700 കോടി രൂപ ലാഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ജി.എസ്.ടി ജീവനക്കാരെ പുനർവിന്യസിച്ചും നേട്ടമുറപ്പാക്കും.

അടിസ്ഥാന സൗകര്യവികസനത്തിന് ഇക്കുറിയും കിഫ്‌ബിയെയാണ് മന്ത്രി ആയുധമാക്കിയത്.

കിഫ്‌ബിയിലൂടെ വികസനം

മൊത്തം 54,678 കോടി രൂപയാണ് കിഫ്‌ബിയുടെ അടങ്കൽ തുക. 35,028 കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം അനുമതി നൽകി. ബേക്കൽ-കോവളം ജലപാതയാണ് കിഫ്ബിയിൽ തിളങ്ങുന്ന ഏറ്റവും ശ്രദ്ധേയ പദ്ധതി.

ക്ഷേമത്തിന് ₹100

ക്ഷേമപെൻഷൻ 100 രൂപ കൂട്ടി ധനമന്ത്രി കൈയടി നേടി. ഇതു പ്രതീക്ഷിച്ചിരുന്നതുമാണ്.

ടൂറിസം

മാർക്കറ്രിംഗിന് 63 കോടി രൂപ ഉൾപ്പെടെ ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യപ്പെടും. സ്പൈസസ് റൂട്ട്, മുസിരിസ് പദ്ധതി, മലബാർ-ട്രാവൻകൂർ ടൂറിസത്തിന് പിന്തുണ, ആലപ്പുഴയിൽ മ്യൂസിയറങ്ങൾ, ഇടുക്കിയിൽ എയർസ്‌ട്രിപ്പ് എന്നിങ്ങനെയുള്ള പദ്ധതികളും ശുചിത്വ കേരളത്തിന് കൂടുതൽ തുക വകയിരുത്തിയതും ടൂറിസത്തിന് നേട്ടമാകും.

സ്‌റ്രാർട്ടപ്പ്

ബഡ്‌ജറ്രിൽ നേട്ടമുണ്ടാക്കിയ പ്രധാന മേഖലകളിലൊന്നാണ് സ്‌റ്രാർട്ടപ്പ് രംഗം. പലിശരഹിത വായ്‌പ, 10 കോടി രൂപവരെ ആകർഷക പലിശയ്ക്ക് വായ്‌പ എന്നിങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ കാണാം.

ഗ്രീൻഫീൽഡും

ഹരിത കൊച്ചിയും

കൊച്ചിയെ ഹരിത-ഗതാഗത നഗരമായി മാറ്രാൻ 6,000 കോടി രൂപയുടെ പദ്ധതികളുണ്ട് ബഡ്‌ജറ്റിൽ. തിരുവനന്തപുരം-കാസർഗോഡ് ഗ്രീൻഫീൽഡ് റെയിൽ പദ്ധതി യഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നതായി മന്ത്രി പറഞ്ഞു. കേവലം റെയിൽ പദ്ധതി മാത്രമല്ല, ഇതിനോട് അനുബന്ധിച്ച് ടൗൺഷിപ്പുകൾ ഉയരുമെന്നതും കേരളത്തിന് കുതിപ്പാകും.

ഈസ് ഒഫ് ഡൂയിംഗ്

കേരളത്തെ ബിസിനസ് സൗഹൃദമായ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഇതിനുള്ള നടപടികൾ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായിക്കും. എന്നാൽ, ടോപ് 5ൽ എത്താൻ പത്തുവർഷത്തെ കാലയളവ് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്.

സ്‌ത്രീശക്തി

വനിതാക്ഷേമ ബഡ്‌ജറ്രെന്ന് ഇത്തവണത്തെ ബഡ്‌ജറ്രിനെ വിശേഷിപ്പിക്കാം. മൊത്തം ചെലവിന്റെ 18.4 ശതമാനവും സ്‌ത്രീശാക്‌തീകരണത്തിനാണ്. കുടുംബശ്രീയാകട്ടെ, ഇക്കുറി ഒട്ടേറെ പദ്ധതികൾ ബഡ്‌ജറ്രിൽ നേടി.

വ്യവസായം, കൃഷി

റബർ പാർക്ക്, റൈസ് പാർക്ക് പ്രഖ്യാപനങ്ങൾ ഇക്കുറിയുമുണ്ട് ബഡ്‌ജറ്റിൽ. എന്നാൽ ഇവയ്ക്കെല്ലാം ഈവർഷം തുടക്കമിടുമെന്ന പ്രഖ്യാപനം ആശാവഹമാണ്. കാ‌ർഷിക കേരളത്തിന്റെ നവോത്ഥാനത്തിനും ഊന്നലുണ്ട്.

നികുതിഭാരം

തിരിച്ചടി

വരുമാനം കൂട്ടാൻ ഇക്കുറിയും നികുതി വർദ്ധിപ്പിക്കുകയാണ് ധനമന്ത്രി ചെയ്‌തത്. മോട്ടോർവാഹനങ്ങളുടെ നികുതി നേരിയ തോതിലാണ് കൂട്ടിയതെങ്കിലും അത്, വില്പനമാന്ദ്യത്തിലുള്ള വിപണിയെ കൂടുതൽ തളർത്തിയേക്കും. ഭൂമിയുടെ ന്യായവില, പോക്കുവരവ് ഫീസ് എന്നിവ കൂട്ടിയ നടപടി റിയൽ എസ്‌റ്രേറ്ര് മേഖലയെയും തളർത്തും.