vijay

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ലൊക്കേഷനിൽ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ. ഷൂട്ടിങ് നടക്കുന്ന നെയ്‌വേലി എൻ.എൽ.സി കവാടത്തിനു മുന്നിലാണ് ബി.ജെ.പി പ്രവർത്തകർ‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലിഗ്‌നൈറ്റ് കോർപ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. അതേസമയം വിജയ് ആരാധകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ആദായ നികുതി വകുപ്പ് താരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷമാണ് പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എൻ.എൽ.സി സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണു ഇവർ രംഗത്തെത്തിയിരുക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്നും പ്രവർത്തകർ പറയുന്നു. കമ്പനിയുടെ മൈനിങ് നടക്കുന്ന 100 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്.

ബുധനാഴ്ച വൈകിട്ടാണ് 'ബിഗിൽ" സിനിമ നിർമ്മിച്ച എ.ജി.എസ് സിനിമാസും വിജയ്‌‌യുമായും ബന്ധപ്പെട്ട 38 ഇടങ്ങളിൽ റെയ്ഡ് തുടങ്ങിയത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് നടപടികൾ അവസാനിച്ചത്. വിജയ്‌യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തിന്റെ ആധാരങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു. ഇവ വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ആദായനികുതി ഉദ്യോഗസ്ഥരാണ് വിജയ്‌യുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നത്.