കൊച്ചി : പി.എസ്.സി വിജ്ഞാപനമിറക്കുന്ന അതേ വർഷം ജനുവരി ഒന്നിനകം അപേക്ഷകർക്ക് മിനിമം പ്രായം തികഞ്ഞിരിക്കണമെന്ന വ്യവസ്ഥ പുന: പരിശോധിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

അസി. പ്രൊഫസർ നിയമനത്തിനുള്ള അപേക്ഷ മിനിമം പ്രായം തികഞ്ഞില്ലെന്ന പേരിൽ പി.എസ്.സി നിരസിച്ചതിനെതിരെ കൊല്ലം ഒാച്ചിറ സ്വദേശിനി ആർ. ചന്ദന നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. 40 ശതമാനം കാഴ്ച വൈകല്യമുള്ള ഉദ്യോഗാർത്ഥിയാണ് ചന്ദന. വിജ്ഞാപനം ഇറക്കിയ തീയതിക്കു മുമ്പോ അപേക്ഷ നൽകേണ്ട അവസാന തീയതിക്കു മുമ്പോ അപേക്ഷകർ മിനിമം പ്രായം നേടിയിരിക്കണമെന്ന തരത്തിൽ വ്യവസ്ഥ പരിഷ്കരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം. വിധിന്യായത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് നൽകാനും മാർച്ച് രണ്ടിനകം സ്വീകരിച്ച നടപടി അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

 കേസ് ഇങ്ങനെ

2019 ഡിസംബർ 12 നാണ് അസി. പ്രൊഫസർ (ഇംഗ്ളീഷ്) നിയമനത്തിന് പി.എസ്.സി വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ച് ഉദ്യോഗാർത്ഥികൾ 2019 ജനുവരി ഒന്നിന് മുമ്പ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം കൈവരിച്ചിരിക്കണം. എന്നാൽ ചന്ദനയ്ക്ക് 2019 മേയിലാണ് അപേക്ഷിക്കാനുള്ള മിനിമം പ്രായമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി അപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഹർജിക്കാരി കെ.എ.ടിയിൽ ഹർജി നൽകി. ട്രിബ്യൂണൽ ചന്ദനയുടെ ആവശ്യം നിരസിച്ചതി​നെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 ഹൈക്കോടതി പറയുന്നു

പി.ജി പഠനം പൂർത്തിയാക്കും മുമ്പ് ചന്ദന നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. 2019 ജനുവരി ഒന്നിന് മുമ്പ് മിനിമം പ്രായം തികഞ്ഞില്ലെന്നതാണ് അപേക്ഷ സ്വീകരിക്കാതിരിക്കാനുള്ള ഏക കാരണം. ഹർജിക്കാരി മിനിമം പ്രായം തികയും മുമ്പ് ആവശ്യമായ യോഗ്യതയെല്ലാം നേടിയിട്ടുണ്ട്. കാഴ്ച വൈകല്യമെന്ന വിധിയോടു പൊരുതിയാണ് ചന്ദന ഇവിടെ വരെയെത്തിയത്. ഇതു കണക്കിലെടുത്ത് ചന്ദനയ്ക്ക് വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണം. ഇളവിനു വിധേയമായി സെലക്ഷൻ നടപടികളിൽ ഹർജിക്കാരിയെ പി.എസ്.സി പങ്കെടുപ്പിക്കണം.