തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ കെട്ടിട നിർമ്മാണ മേഖലയിലും പ്രതിഫലിക്കും.. ബഡ്ജറ്റിൽ കെട്ടിട നികുതിയും ഭൂമിയുടെ ന്യായവിലയും വർദ്ധിപ്പിച്ചിരുന്നു. ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിക്കുമെന്ന് ബഡ്ജറ്റ് നിർദേശിക്കുന്നു. വൻകിട പദ്ധതികൾക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവിലയിൽ 30 ശതമാനം വർദ്ധന വരുത്തുമെന്നും ബഡ്ജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
3000-5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 5000 രൂപയായാണ് കെട്ടിട നികുതി വർദ്ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപയാണ്. 7500-10000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 10000 രൂപ കെട്ടിടനികുതിയായി ഈടാക്കും. 10000 അടിക്ക് മേലുള്ള കെട്ടിടങ്ങളുടെ കെട്ടിട നികുതി 12500 രൂപയായിരിക്കുമെന്നും ബഡ്ജറ്റ് നിർദേശിക്കുന്നു. അഞ്ചുവർഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാൽ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബഡ്‌ജറ്റിൽ പറയുന്നു.
പോക്കുവരവിലും വർദ്ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വർധിപ്പിച്ചു. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകർപ്പെടുക്കുന്നതിന് 100 രൂപ ഫീസായി ഈടാക്കുമെന്നും ബഡ്‌ജറ്റിൽ പറയുന്നു. വയൽഭൂമി കരഭൂമിയാക്കുന്നതിന് കൂടുതൽഫീസ് ഈടാക്കുമെന്നും ബഡ്‌ജറ്റ് നിർദേശിക്കുന്നു.