കാസർകോട്: സന്തോഷ് ട്രോഫി താരങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ വാക്ക് പാലിച്ചു. വിദ്യാഭ്യാസ വകുപ്പിൽ കാവലാളായി ഇനി സന്തോഷ് ട്രോഫി താരം കെ.പി. രാഹുലുമുണ്ടാവും. സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം എൽ.ഡി ക്ലർക്കായി നിയമനം ലഭിച്ച താരം കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ഇന്നലെ ജോലിയിൽ പ്രവേശിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പ രാഹുലിനെ സ്വീകരിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് സി.കെ നാരായണൻ നിയമന ഉത്തരവ് നൽകി.
കൊൽക്കത്തയിൽ നടന്ന 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാനുള്ള സർക്കാർ തീരുമാന പ്രകാരമാണ് രാഹുലിന് ജോലി ലഭിച്ചത്.
കഷ്ടപ്പാടുകൾക്കിടയിലും കേരളത്തിന്റെ അഭിമാന താരമായി വളർത്തിയ പിതാവ് രമേശനും മാതാവ് തങ്കമണിക്കും ഒപ്പമാണ് ഇന്നലെ രാവിലെ രാഹുൽ കളക്ടറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്കെത്തിയത്. ഐലീഗ് ക്ലബ് ഗോകുലം എഫ്.സിയുടെ താരമാണ് രാഹുൽ. നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം ആറാം ക്ലാസ് മുതൽ തന്നെ ഫുട്‌ബാളിൽ സജീവമായിരുന്നു.
പിലിക്കോട് സ്വദേശിയായ രാഹുൽ നിലവിൽ ചീമേനി മുണ്ട്യക്കടുത്താണ് താമസിക്കുന്നത്. ഏക സഹോദരി രസ്‌ന രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
''സന്തോഷ് ട്രോഫി ജേതാക്കൾക്ക് ജോലി ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിച്ച സർക്കാരിനോട് വളരെയധികം നന്ദിയുണ്ട്. ഫുട്‌ബാൾ മൈതാനിയിലെ ആവേശത്തിന് ജോലി തടസമാവില്ല. പന്തുകളി കരുത്തോടെ തുടരും
കെ.പി. രാഹുൽ