marcelo

അത്‌ലറ്രിക്കോ ബിൽബാവോയ്ക്കും റയൽ സോസിഡാഡിനും വിജയം

മാഡ്രിഡ്: കോപ്പ ഡെൽ റേ ക്വാർട്ടറിൽ സൂപ്പർ ടീമുകളായ ബാഴസലോണയ്ക്കും റയൽ മാഡ്രിഡിനും ഞെട്ടിക്കുന്ന തോൽവി. റയൽ മാഡ്രിഡ് 3-4ന് റയൽ സോസിഡാഡിനോടും ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്രിക്കോ ബിൽബാവോയോടും തോറ്റാണ് പുറത്തായത്. ബിൽബാവോയും സോസിഡാഡും സെമിയിൽ കടന്നു.

റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ അലക്സാണ്ടർ ഇസാക്കിന്റെ ഇരട്ട ഗോളുകളും മാർട്ടിൻ ഡിഗാർഡിന്റെയും മൈക്കേൽ മാരിയോണിന്റെയും ഗോളുകളുമാണ് സോസിഡാഡിന് വിജയമൊരുക്കിയത്. മാഴ്സലോ, റോഡ്രിഗോ, നാച്ചൊ എന്നിവർ റയലിനായി ഗോളുകൾ നേടി. ഇതുകൂടാതെ മത്സരത്തിനിടെ റയൽ മാഡ്രിഡ് രണ്ട് തവണ എതിർവലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. കളി തീരാറാകവെ രണ്ടാം പകുതിയുടെ അധിക സമയത്ത് അന്റോണി ഗൊരോസബെൽ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് പത്തുപേരുമായാണ് സോസിഡാഡ് മത്സരം പൂർത്തിയാക്കിയത്.

അത്‌ലറ്രിക്കോ ബിൽബാവോയുടെ തട്ടകമായ സാൻ മേംമ്സിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം വീണ സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് പുറത്തേക്കുള്ള വഴിയായത്.

രണ്ടാം പകുതിയുടെ അധിക സമയത്തി 93-ാം മിനിട്ടിൽ സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ സെൽഫ് ഗോളാണ് ബാഴ്സയുടെ വിധിയെഴുതിയത്. മെസിയുടെ നേതൃത്വത്തിലുള്ള ബാഴ്സയുടെ ആക്രമണങ്ങളെ പഴുതടച്ച പ്രതിരോധ കോട്ടകെട്ടിയാണ് ബിൽബാവോ തടഞ്ഞത്.