തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധം ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റിൽ പ്രതിഫലിച്ചത് ആനന്ദ് മുതൽ ടാഗോർ വരെയുള്ള സാഹിത്യകാരൻമാരുടെ വരികളിലൂടെ. ഗീതാഞ്ജലിയിൽ ഒടുക്കം. സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രഭാവർമ്മ, ശാരദക്കുട്ടി, അൻവർ അലി തുടങ്ങിയ പ്രമുഖരുടെ വരികൾക്കൊപ്പം പ്രസംഗത്തിലെ ആശയങ്ങളുമായി ഒത്തുപോകുന്ന സ്കൂൾ കുട്ടികളുടെ കവിതാ ശകലങ്ങളും. അടിമുടി സാഹിത്യത്തിൽ ചാലിച്ചതാണ് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റ് .ബഡ്ജറ്റ് പ്രസംഗം രസകരമാക്കാൻ കാവ്യഭാഗങ്ങളും ചരിത്ര സംഭവങ്ങളും ധനമന്ത്രിമാർ ചേർക്കാറുണ്ട്. ഇത്തരം ഉദ്ധരണികളിൽ സ്വന്തം റെക്കാഡാണ് തോമസ് ഐസക് മറികടന്നത്.
കേന്ദ്രസർക്കാരിനെ വിമർശിച്ച് ബഡ്ജറ്റ് അവതരണം തുടങ്ങിടത്താണ് ആനന്ദിന്റെ 'ഒരു രാജ്യത്തിനു മുന്നിലെ പഥങ്ങൾ' എന്ന ലേഖനത്തിലെ 'അഭ്യസ്തവിദ്യരും ബൗദ്ധിക രംഗത്ത് മുന്നിൽ നിൽക്കുന്നവരുമായ സമൂഹം എങ്ങനെയാണ് പെട്ടെന്ന് ഒരു ജനതയുടെ നേരെയുള്ള വെറുപ്പിനാൽ ആവേശിക്കപ്പെടുകയും അവിശ്വസനീയമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ' എന്ന ഭാഗം. ആ പേജിൽ തന്നെ രണ്ടു കവിതകൾ കൂടി ഉദ്ധരിച്ചിട്ടുണ്ട്. അൻവർ അലിയുടേയും ഒ.പി.സുരേഷിന്റേയും.
തൊട്ടടുത്ത പേജിൽ വയനാട് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ്സ് വിദ്യാർത്ഥി ദ്രുപത് ഗൗതമിന്റെ 'ഭയം ഒരു രാജ്യമാണ്. അവിടെ നിശബ്ദത ഒരു (ആ)ഭരണമാണ്...' എന്ന വരികൾ .പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് പടർത്തുന്ന ആശങ്ക വലുതാണെന്ന് സൂചിപ്പിക്കാൻ വീട് നഷ്ടമായതിനെക്കുറിച്ച് പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ''തെറ്റി വരച്ച വീട് ഒരു കുട്ടി റബ്ബർ കൊണ്ട് മാച്ചു കളഞ്ഞതുപോലെ...'' എന്ന വരികൾ..
മനസാലെ നാം നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലമെന്ന് അൻവറലി പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളെന്ന് ഐസക്. ഭയമാണ് പതാക ധീരതതയാണ് നയതന്ത്രം ആക്രമണമാണ് അഭിവാദനം ഓരോ പൗരനും ഓരോ പൊട്ടിത്തെറി എന്ന് എഴുതിയ ഒപി സുരേഷ് സാഹചര്യത്തെ ആറ്റിക്കുറുക്കി വരച്ചിടുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ കാമ്പസുകളിൽ ഉയരുന്ന പ്രതിഷേധങ്ങളെ അടയാളപ്പെടുത്താൻ പ്രഭാവർമ്മ, വിനോദ് വൈശാഖി, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികൾ. മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന നോവലിൽ 'ഫ്രീഡം' എന്ന അദ്ധ്യായത്തില്ൽ ബെന്യാമിൻ കുറിച്ച 'ഉച്ച കഴിഞ്ഞ് മൂന്നു മണിയായപ്പോഴേക്കും ജനങ്ങൾ തെരുവിലൂടെ പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി...ചിലർ രാജ്യത്തിന്റെ ദേശീയ പതാകയും ചിലർ സമാധാനത്തിന്റെ വെള്ളക്കൊടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകട്ടെ, ദേശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല, ഞങ്ങളുടെ സ്വന്തമാണ് എന്ന സന്ദേശമാണ് അവർ അതിലൂെട നല്കിയത്'. എന്ന വരികളാണ് റിപ്പബ്ലിക് ദിനത്തിൽ എൽ.ഡി.എഫ് നടത്തിയ മനുഷ്യച്ചങ്ങലയെക്കുറിച്ച് സൂചിപ്പിക്കാൻ ധനമന്ത്രി പ്രയോഗിച്ചത്. ജനുവരി 8 ലെ ദേശീയ പണിമുടക്കിനെ വർണ്ണിക്കാൻ വിഷ്ണുപ്രസാദിന്റെ കവിത.
നദിയുടെ പുനരുജ്ജീവനത്തിന് സ്കൂൾ കലോത്സവത്തിൽ ഒറ്റപ്പാലം വാണിയംകുളം സ്കൂളിലെ ത്വാഹിക ഷിർ രചിച്ച കവിതയും കുടുംബശ്രീയ്ക്കൊപ്പം വിജില ചിറപ്പാടിന്റെ കവിതയും വിദ്യാഭ്യാസ മികവിനൊപ്പം മീനങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ ഫെൈഖ ജാഫറിന്റെ കവിതയും ചേർത്തു വച്ചു.ഇതേ അദ്ധ്യായത്തിലാണ് സച്ചിദാനന്ദന്റെ 'ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഗതം' എന്ന കവിതയും പരാമർശിച്ചത്.
പട്ടികവിഭാഗങ്ങൾക്കുള്ള പദ്ധതികൾക്ക് മുന്നോടിയായി ''അരശന്റെ മുന്നിലും ഒരാളുടെ മുന്നിലും പിൻകൈ കെട്ടാതെ മുൻകൈ കെട്ടി..'' എന്നു തുടങ്ങുന്ന അശോകൻ മറയൂരിന്റെ വരികളാണ് മന്ത്രി ചൊല്ലിയത്. രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'ക്ക് എൻ.പി.ചന്ദ്രശേഖർ തയ്യാറാക്കിയ വിവർത്തനത്തിലെ വരികളോടെ സമാപനം.''എവിടെ മനം ഭയശൂന്യം,എവിടെ ശീർഷമനീതം,
എവിടെ സ്വതന്ത്രം ജ്ഞാനം...''