ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം രാവിലെ 7.30 മുതൽ
സ്റ്രാർ സ്പോർട്സ് ചാനലുകളിലും ദൂരദർശനിലും തത്സമയം
ഓക്‌ലൻഡ്: ഇന്ത്യയും ന്യൂസിലൻഡ് തമ്മിലുള്ള ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാമത്തെ മത്സരം ഇന്ന് ഇന്ത്യൻ സമയം രാവിലെ 7.30 മുതൽ ഓക്‌ലൻഡിൽ നടക്കും. ആദ്യ മത്സരത്തിൽ ആതിഥേയരോട് തോൽവി വഴങ്ങിയ ഇന്ത്യ ഇന്ന് വിജയം നേടി മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. ഈ മത്സരത്തിൽ തോറ്രാൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും.
ബുധനാഴ്ച സെഡാൻ പാർക്കിൽ ഏകദിനത്തിൽ ഏറ്രവും വലിയ ടോട്ടൽ പിറന്ന മത്സരത്തിൽ ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് ഇന്ന് ഇറങ്ങുന്നത്.
തിരിച്ചടിക്കാൻ ഇന്ത്യ
മികച്ച ടോട്ടൽ പടുത്തുയർത്തിയിട്ടും ബൗളിംഗിൽ പാളിയതാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം. ബാറ്രിംഗിൽ കന്നിസെഞ്ച്വറിയുമായി കളം നിറഞ്ഞ ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുൽ, നായകൻ വിരാട് കൊഹ്‌ലി, അവസാനം അടിച്ച് തകർത്ത കേദാർ ജാദവ് എന്നിവരുടെ ഫോം ഇന്ത്യയ്ക്ക് നൽകുന്ന ആത്മ വിശ്വാസം ചില്ലറയല്ല. പ്രിഥ്വി ഷായും മായങ്ക് അഗർവാളുമായിരിക്കും ഇന്നും ഓപ്പണർമാരുടെ റോളിൽ.
അതേസമയം ബൗളിംഗ് ലൈനപ്പിൽ ഇന്ന് ചില മാറ്രങ്ങൾ വന്നേക്കാം. കഴിഞ്ഞ മത്സരത്തിൽ ഏറെ ഉദാരമതിയായ ഷർദ്ദുൽ താക്കൂറിന് പകരം ഇന്ന് നവദീപ് സെയ്‌നി കളിച്ചേക്കും. ശക്തമായ ബാറ്റിംഗ് നിര ഉള്ളതിനാൽ വാലറ്രത്ത് ശക്തികൂട്ടാൻ ഷർദ്ദുളിന്റെ ആവശ്യം അത്രയില്ലെന്നും പകരം മികച്ച ഫോമിൽ പന്തെറിയുന്ന സെയ്‌നിക്ക് അവസരം നൽകണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ അഭിപ്രായമുയർന്നിരുന്നു. അതുപോലെ കുൽദീപിന് പകരം യൂസ്‌വേന്ദ്ര ചഹലും അവസാന ഇലവനിൽ ഇടം പിടിച്ചേക്കും.
സാധ്യതാ ടീം: പ്രിഥ്വി, മായങ്ക്, കൊഹ്‌ലി, ശ്രേയസ്, രാഹുൽ, കേദാർ, ജഡേജ, സെയ്നി/താക്കൂർ,ചഹൽ/കുൽദീപ്, ഷമി, ബുംറ.
ജയം തുടരാൻ കിവീസ്
ട്വന്റി-20യിലെ ക്ഷീണം ഏകദിനത്തിൽ പരമ്പര നേടി മാറ്റാൻ ശ്രമിക്കുന്ന കിവീസ് ഇന്നും ജയത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഇഷ് സോധിക്ക് പകരം ടീമിൽ ഉൾപ്പെടുത്തിയ ഫാസ്റ്ര് ബൗളർ കെയ്ൽ ജമിസൺ ഇന്ന് ന്യൂസിലൻഡ് ജേഴ്സിയിൽ ഏകദിനത്തിൽ അരങ്ങേറ്രം കുറിച്ചേക്കും.കഗ്ഗലെജിനും ഇന്ന് കളിച്ചേക്കും.
സാധ്യതാ ടീം: ഗപ്ടിൽ, നിക്കോളാസ്, ബ്ലണ്ടൽ, ടെയ്‌ലർ, ലതാം,ഗ്രാൻഡ് ഹോമ്മെ, നീഷം,സാന്റ്നർ,ജമിസൺ,കഗ്ഗലെജിൻ/ബെന്നറ്റ്, സൗത്തി.