shaheenbagh

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിലെ പ്രതിഷേധങ്ങൾക്കിടെ കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയുന്നത് മുൻനിറുത്തിയാണ് സുപ്രീംകോടതി കേസെടുത്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് കേസ് ഫെബ്രുവരി 10ന് പരിഗണിക്കും. ഷഹീൻബാഗിലെ പ്രതിഷേധത്തിനിടയിൽ അതിശൈത്യത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞുങ്ങളെ പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പങ്കെടുപ്പിക്കുന്നത് ക്രൂരതയായി കണ്ട് നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ധീരതക്കുള്ള ദേശിയ അവാര്‍ഡ് നേടിയ പന്ത്രണ്ടുകാരന്‍ സെൻ ഗുൺരതന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

ഷഹീൻബാഗിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിന് ഇടയിൽ ജനുവരി 30നാണ് നാല് മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിനിടയിൽ മരിച്ചത്. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതിൽ മാതാപിതാക്കളും ഷഹീൻബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെൻ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു.