തിരുവനന്തപുരം : തിരഞ്ഞെടുപ്പ് വർഷം മുന്നിൽ കണ്ട് തലസ്ഥാനനഗരത്തിന് കൈനിറയെ പദ്ധതികൾ വാരിക്കോരി നൽകിയില്ലെങ്കിലും സംസ്ഥാന ബഡ്ജറ്റ് മൊത്തത്തിൽ നിരാശപ്പെടുത്തിയില്ല. നഗരത്തെ സമ്പൂർണ ശുചിത്വമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ തുടക്കമിട്ടതിന് പുറമേ നഗരപ്രാന്തങ്ങളിലെ പ്രദേശങ്ങളുടെ വികസനത്തിനാണ് ബഡ്ജറ്റിൽ ഉൗന്നൽ നൽകിയിരിക്കുന്നത്. കഴക്കൂട്ടം, വട്ടിയൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ വികസനപദ്ധതികൾക്ക് നിർദ്ദേശമുണ്ട്.
അതേസമയം നഗരത്തിന്റെ പൊതുവായ വികസനത്തിനോ നഗരവാസികൾക്കോ ഉപകാരപ്രദമായ പ്രഖ്യാപനങ്ങളൊന്നും തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിൽ ഇടംപിടിച്ചില്ലെന്നാണ് വിമർശനം. ശുചിത്വം, ഭിന്നശേഷി സൗഹൃദം, തുറമുഖം തുടങ്ങിയ മേഖലകളെ മാത്രമാണ് ബഡ്ജറ്റ് സ്പർശിക്കുന്നത്.
ബഡ്ജറ്റിൽ നഗരത്തിലെ പലപദ്ധതികളും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വർഷം പണം നീക്കിവച്ചിട്ടില്ല. ചുരുക്കം ചില പദ്ധതികൾക്ക് മാത്രമാണ് പരിഗണന ലഭിച്ചത്.
തിരുവനന്തപുരത്തിന് തലസ്ഥാന നഗരമെന്ന പരിഗണന ബഡ്ജറ്റിൽ ലഭിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വിവിധ മേഖലകളിലായി കൊച്ചിക്ക് വേണ്ടി കോടികൾ നീക്കുമ്പോഴാണ് തലസ്ഥാനത്തെ അവഗണിച്ചതെന്നാണ് പ്രധാന പരാതി. ജഗതിയിലും വഴുതക്കാടും മേൽപ്പാലങ്ങൾ തുടങ്ങിയ പദ്ധതികളെ പാടേ തള്ളി.
ആറ്റുകാൽ ടൗൺഷിപ്പ്, തൈക്കാട്, വഴുതക്കാട് നാലുവരിപ്പാത വികസനം, വഴുതക്കാട് ജഗതി റോഡ് വികസനം, സ്റ്റാച്യു-ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ റോഡ് വികസനം എന്നിവയെയും പരിഗണിച്ചില്ല.
നഗരത്തിൽ ബഡ്ജറ്റിൽ ഉള്ളത് ഒറ്റനോട്ടത്തിൽ
നഗരത്തിലെ 28 പൊതുസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും
വിഴിഞ്ഞം പദ്ധതിക്ക് 69 കോടി
ടൈറ്റാനിയത്തിന് 21.5 കോടി
കൈതമുക്ക്, പാസ്പോർട്ട് ഓഫീസ് ചമ്പക്കട റോഡ് വികസനത്തിന് 1കോടി
കഴക്കൂട്ടം മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 10 കോടി
ആറ്റിപ്ര, കോട്ടൂർ തെറ്റിയാറിന് കുറുകെ പാലത്തിനും കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനും 5 കോടി
കുമാരപുരം, പടിഞ്ഞാറ്റിൽ ലെയിൻ അറപ്പുര കണ്ണമ്മൂല ഡ്രെയിനേജ് പദ്ധതിക്കായി 3 കോടി രൂപ
വഴയില മുതൽ കവടിയാർ വരെ പൈപ്പ് ലൈൻ റോഡിൽ സൈക്കിൾ ട്രാക്ക് 30ലക്ഷം
വട്ടിയൂർക്കാവ് പൊളിടെക്നിക്കിൽ ഓപ്പൺഎയർ ആഡിറ്രോറിയത്തിന് 9ലക്ഷം
പേരൂർക്കട ശാസ്തമംഗലം റോഡിൽ വാട്ടർഅതോറിട്ടിയുടെ പൈപ്പ ്ലൈൻ മാറ്റാൻ 80 ലക്ഷം
കള്ളിയാർ, കരമനയാർ ശുചീകരണത്തിനായി 40ലക്ഷം
വട്ടിയൂർക്കാവ് മിനി റവന്യൂ ടവർ നിർമ്മാണം 20ലക്ഷം
ശാസ്തമംഗലത്ത് തൊഴിൽ സംരഭകത്വവികസനകേന്ദ്രത്തിന് 30ലക്ഷം
പേരൂർക്കട, കളക്ടറേറ്റ് ജംഗ്ഷൻ നവീകരണവും സ്ത്രീസൗഹൃദ വെയ്റ്റിംഗ് ഷെഡും
കാര്യവട്ടത്ത് ഇന്റർനാഷണൽ ആർക്കൈവ്സ് സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിന് 6 കോടി
ശ്രീചിത്രത്തിൽ ആർട്ട് ഗാലറി നിർമ്മിക്കാൻ 8 കോടി
സമ്പൂർണ ശുചിത്വ പദവിയിലേക്ക്
ഒരു വർഷത്തിനുള്ളിൽ തിരുവനന്തപുരം ഖരമാലിന്യത്തിന്റെ കാര്യത്തിൽ സമ്പൂർണ ശുചിത്വ പദവി കൈവരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനായുള്ള മാർഗനിർദേശങ്ങളും ബഡ്ജറ്റിലുണ്ട്.
എല്ലാ മാസവും വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സ്രോതസുകളിൽ തന്നെ വേർതിരിക്കണം. ജൈവമാലിന്യം ഉറവിടത്തിലോ സമീപത്തോ സംസ്കരിക്കണം. അജൈവമാലിന്യങ്ങൾ റിസോഴ്സ് റിക്കവറി സെന്ററിൽ എത്തിക്കണം. പൊതുചടങ്ങുകളിൽ ഗ്രീൻപ്രോട്ടോക്കോൾ കർശനം. മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും നിർദേശിക്കുന്നു.
ജനക്ഷേമ ബഡ്ജറ്റ് : വി.കെ.പ്രശാന്ത്
നാടിന്റെ വികസന പുരോഗതി ലക്ഷ്യമിട്ടുള്ള ജനക്ഷേമ ബഡ്ജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. എല്ലാ മേഖലയെയ്ക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. മാന്ദ്യത്തെ മറികടക്കാനുള്ള നിർദേശങ്ങളാണ് ഏറ്റവും ശ്രദ്ധേയം. വട്ടിയൂർക്കാവിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.