പോത്തൻകോട്: നാട്ടിൽ നെൽകൃഷി അന്യമായിക്കൊണ്ടിരിക്കെ ഒരേക്കറോളം വരുന്ന പാടത്ത് കൃഷിയിറക്കി നൂറുമേനി വിളവ് കൊയ്തെടുത്ത് മാതൃകയാവുകയാണ് തോന്നയ്ക്കൽ സായിഗ്രാമം.
മംഗലപുരം കൃഷിഭവന്റെ സഹകരണത്തോടെയാണ് ജയ ഇനത്തിൽപ്പെട്ട വിത്ത് ഉപയോഗിച്ച് കൃഷി നടത്തിയത്. അരിവില കുതിച്ചുയരുകയും നാട്ടിൽ നെല്ലുത്പാദനം കുത്തനെ ഇടിയുകയും ചെയ്തത് വെല്ലുവിളിയായപ്പോഴാണ് ആശ്രമത്തിന് സമീപത്തെ കൃഷിക്കാരുടെ തരിശ് കിടന്ന ഒരേക്കറിലധികം വരുന്ന കണ്ടുകൃഷി പാടത്ത് സായിഗ്രാമം കൃഷിയാരംഭിച്ചത്. ഇപ്പോൾ നാലാം തവണയും നൂറുമേനി വിളവ് ആവർത്തിച്ചപ്പോൾ സംഘാടകർക്കും പൂർണ തൃപ്തി. ഇടവിളയായി പച്ചക്കറിയും കൃഷിചെയ്യുന്നുണ്ട്.
പ്രകൃതിയിലേക്കുള്ള തിരിച്ചുവരവിന്റെയും കാർഷിക സംസ്കൃതിയുടെയും പുത്തൻ അനുഭവങ്ങൾ സമൂഹത്തിന് പകർന്നു നൽകുക കൂടി ചെയ്യുന്നതിലൂടെ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം കൈവരുന്നതായി സായിഗ്രാമം എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. തികച്ചും ജൈവമാതൃകയിൽ നടത്തുന്ന നെൽകൃഷിയുടെ ചുമതലക്കാർ ആശ്രമത്തിലെ കൃഷിപ്പണിക്കാരായ സുദേവനും രവിയുമാണ്.
ഇവരെ സഹായിക്കാനും കാർഷികപാഠങ്ങൾ പഠിക്കാനും സായി വിദ്യമന്ദിർ സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികളും ഉണ്ട്. വിത്തിടീൽ മുതൽ കൊയ്ത്തുത്സവം വരെയുള്ള ജോലികളെല്ലാം മാനുഷിക പ്രയത്നത്തിലൂടെയാണ് നടന്നത്.
കൊയ്തെടുത്ത നെൽകറ്റകൾ തലച്ചുമടായി ആശ്രമത്തിനുള്ളിലെ കളത്തിലെത്തിച്ച് നെല്ല് വേർതിരിക്കും. ഇന്നലെ വൈകിട്ട് നെൽപാടത്ത് നടന്ന കൊയ്ത്തുത്സവം പ്രശസ്ത നടി ജലജ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സി.ഇ.ഒ. അന്നപൂർണ, പ്രകാശ്, ഡോ.വി.വിജയൻ, പ്രിൻസിപ്പൽ ഇ.എസ്.അശോക്കുമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.