തിരുവനന്തപുരം: ബ്രഹ്മസ്ഥാനത്ത് ഇന്നലെ ഭക്തിയുടെ അമൃതോത്സവം. ആശ്രമത്തിന്റെ 29-ാം വാർഷികോത്സവത്തിന് തുടക്കമിട്ട് ഇന്നലെ മാതാ അമൃതാനന്ദമയി ദേവിയുടെ സത്സംഗത്തിന് ആയിരങ്ങളെത്തി. അമ്മയെ ദർശിക്കാനും സത്സംഗം കേട്ട് മനസ് കുളിർപ്പിക്കാനും ഭക്തർ കുടുംബമായാണ് എത്തിയത്. ബ്രഹ്മസ്ഥാനവാർഷികത്തിൽ പതിവായി പങ്കെടുക്കുന്ന ആത്മീയപുരുഷരുമുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കാനാണ് ഇന്നലെ അമ്മ സത്സംഗത്തിൽ ഉപദേശിച്ചത്. എല്ലാ ജീവികളും പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കുന്നു. മനുഷ്യൻ മാത്രം അങ്ങനെയല്ല. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യാനാണ് മനുഷ്യർക്ക് താത്പര്യം.
പ്രകൃതിയാണ് നമുക്ക് എല്ലാം തരുന്നതെന്നും നമ്മെ സംരക്ഷിക്കുന്നതെന്നുമുള്ള പരമമായ സത്യം മനുഷ്യർ മറക്കുന്നു. മറ്റുള്ളവരെ ഉൾക്കൊള്ളാനും സ്നേഹിക്കാനും ആണ് നാം ശീലിക്കേണ്ടത്. എന്നാൽ നാലു കാര്യങ്ങളിലാണ് ഇന്ന് മനുഷ്യർക്ക് താത്പര്യം. അത് പകർച്ചവ്യാധിപോലെ പടരുകയാണ്. സമ്പത്ത് ഇന്ന് സദാചാരത്തെക്കാൾ പ്രാധാന്യമേറുന്നു. സൗന്ദര്യം നൻമയെക്കാൾ പ്രിയപ്പെട്ടത്. ദിശയെക്കാൾ വേഗതയും മനുഷ്യരെക്കാൾ യന്ത്രങ്ങളും പ്രാമുഖ്യമാകുന്നു. നമ്മുടെ മനസും കാഴ്ചപ്പാടുമാണ് പ്രശ്നം. മേലുദ്യോഗസ്ഥരെയും സമീപത്തുള്ളവരെയും അറിയുന്ന നാം നമ്മുടെ തന്നെ മനസിനെ അറിയുന്നില്ല. മനസിനെ അടക്കുന്ന ക്രിയയാണ് ധ്യാനം. അത് ശീലിക്കണം. അമ്മ പറഞ്ഞു.
ഇന്ന് രാവിലെ 5.30ന് ലളിതാസഹസ്രനാമാർച്ചനയ്ക്ക് ശേഷം രാവിലെ പത്തരയോടെ അമ്മയുടെ സത്സംഗം തുടങ്ങും. തുടർന്ന് അമ്മ പങ്കെടുക്കുന്ന ധ്യാനം, ദർശനം, ഭജന എന്നിവ ഉണ്ടായിരിക്കും. രാവിലെ ആറിന് മഹാഗണപതി ഹോമവും ഏഴിന് ലളിതാസഹസ്രനാമപുഷ്പാജ്ഞലിയും ഒൻപതിന് മഹാമൃത്യുഞ്ജയ ഹോമവും നടക്കും. വൈകിട്ട് ഏഴിന് മഹാലക്ഷ്മീ പൂജയും ഉണ്ടായിരിക്കും. ബ്രഹ്മസ്ഥാന വാർഷികോത്സവം ഇന്ന് സമാപിക്കും.