തിരുവനന്തപുരം: തലസ്ഥാന നഗരത്തെ അവഗണിച്ച ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ കുറ്റപ്പെടുത്തി. തലസ്ഥാന നഗരമെന്ന നിലയിൽ കാലാനുസൃതമായ വികസനത്തിന് ഒരു പരിഗണനയും ഈ ബഡ്ജറ്റിലില്ല. സംസ്ഥാനത്തെ മറ്റ് പല നഗരങ്ങൾക്കായും ജില്ലകൾക്കായും പാക്കേജ് പ്രഖ്യാപിച്ചതുപോലെ തലസ്ഥാന നഗരവികസന പദ്ധതിക്കായി പാക്കേജ് പ്രഖ്യാപിക്കാൻ ധനമന്ത്രി തയ്യാറാകണം. ലക്ഷക്കണക്കിനാളുകൾ താമസിക്കുന്ന തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലൈറ്റ് മെട്രോ, ജഗതിയിലും വഴുതയ്ക്കാടും ഓവർബ്രിഡ്ജുകൾ തുടങ്ങിയ പദ്ധതികൾക്കൊന്നും തുക വകയിരുത്തിയില്ല.
തീരദേശം ഉൾപ്പെടെയുള്ള മേഖലകളിൽ കുടിവെള്ളം, സ്വീവറേജ് സംവിധാനം എന്നിവ ഏർപ്പെടുത്തുന്നതിനോ, അടിസ്ഥാന സൗകര്യ വികസനത്തിനോ തുകയില്ല. ആറ്റുകാൽ ടൗൺഷിപ്പ്, തൈക്കാട്–വഴുതക്കാട് നാലുവരിപ്പാത വികസനം, വഴുതക്കാട് - ജഗതി റോഡ് വികസനം, സ്റ്റാച്യൂ – ജനറൽ ഹോസ്പിറ്റൽ - വഞ്ചിയൂർ റോഡ് വികസനം, ആമയിഴഞ്ചാൻ തോട് നവീകരണം എന്നിവയ്ക്കും തുക അനുവദിച്ചിട്ടില്ല. കിഫ്ബിയിലുൾപ്പെടുത്തി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അട്ടക്കുളങ്ങര ഓവർബ്രിഡ്ജ് നിർമ്മാണം, ശംഖുംമുഖം–വേളി റോഡ് വികസനം എന്നീ പദ്ധതികൾ ആരംഭിക്കുന്നതിനുപോലും സാധിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെയും മെഡിക്കൽ കൗൺസിലിന്റെയും അംഗീകാരം ലഭിച്ച പുതിയ മെഡിക്കൽ കോളേജിനെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശിക്കാത്തത് പ്രതിഷേധാർഹമാണെന്നും എം.എൽ.എ പറഞ്ഞു.