തിരുവനന്തപുരം : ആനയറയിലെ വേൾഡ് മാർക്കറ്റിന്റെ നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കി മാർക്കറ്റ് വക സ്ഥലം വിവിധ വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന നടപടി തുടരുന്നു. കേരള അഗ്രികൾച്ചറൽ മാർക്കറ്റ് പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച വേൾഡ് മാർക്കറ്റിന്റെ വക ഏക്കറുകണക്കിന് ഭൂമിയാണ് വാണിജ്യ ആവശ്യങ്ങൾക്കായി വിട്ടുനൽകുന്നത്.
വേൾഡ് മാർക്കറ്റിൽ പുതുതായി ആരംഭിക്കാൻ ആലോചിക്കുന്ന അഗ്രോമാളിനും പച്ചക്കറി മൊത്ത വ്യാപാര വിപണിക്കും ഉപയോഗിക്കാൻ സ്ഥലമില്ലാതെ വിഷമിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സിക്കും പെട്രോൾ പമ്പിനുമടക്കം ഏക്കർകണക്കിന് സ്ഥലം ഇവിടെ നിന്നു വിട്ടുനൽകിയിരിക്കുന്നത്.
ആറു വർഷം മുൻപ് മൂന്നര ഏക്കർ സ്ഥലം പാട്ടവ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സിക്ക് ഡിപ്പോ തുടങ്ങാനായി അന്നത്തെ യു.ഡി.എഫ് സർക്കാർ വിട്ടുനൽകിയിരുന്നു. മാർക്കറ്റ് വക ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന യൂറോപ്യൻ സാമ്പത്തിക സമൂഹവും കേന്ദ്രസർക്കാരുമായുള്ള കരാർ ലംഘിച്ചാണ് വസ്തു പാട്ടത്തിന് നൽകിയത്. ലാഭകരമല്ലാതായതോടെ ഡിപ്പോ ഒന്നര വർഷത്തിന് ശേഷം പൂട്ടി.
ഇതിനിടെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന് (വി.എഫ്.പി.സി.കെ) പത്തു സെന്റ് സ്ഥലം ഓഫീസ് നിർമ്മിക്കാനായി പെർമിസിവ് സാംഗ്ഷനിലൂടെ കൃഷിവകുപ്പ് നൽകി. ചുറ്റുമതിൽ കെട്ടരുതെന്ന കരാർ മറികടന്ന് 22 സെന്റ് സ്ഥലവും മാർക്കറ്റിൽ നിന്നുള്ള ലോറികൾ പോകാനുമുള്ള ഗേറ്റും ചേർത്ത് ഇവർ മതിലുകെട്ടി കൈവശപ്പെടുത്തി.
കെ.എസ് .ആർ.ടി.സിക്ക് നൽകിയിരുന്ന 3.5 ഏക്കർ സ്ഥലത്തിൽനിന്നു 1.78 ഏക്കറിന്റെ പാട്ടം റദ്ദാക്കി റവന്യൂവകുപ്പ് തിരികെയെടുത്തെങ്കിലും സി.എൻ.ജി /എൽ.എൻ.ജി ടെർമിനൽ തുടങ്ങാൻ 30 വർഷത്തെ പാട്ടവ്യവസ്ഥയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് 2018 മാർച്ച് 25 ലെ മന്ത്രിസഭാ യോഗം അനുവദിച്ചു. തുടർന്ന് ഇതിനോടു ചേർന്നുള്ള സ്ഥലം ഐ.ഒ.സിക്ക് പെട്രോൾ പമ്പ് തുടങ്ങാൻ 2018 മേയ് 19 ന് അനുവദിക്കുകയും ചെയ്തു. ഇതോടെ കെ.എസ് .ആർ.ടി.ക്ക് നൽകിയ 3.5 ഏക്കർ സ്ഥലവും ഇന്ത്യൻ ഓയിൽ കോർപറേഷൻ കൈയടക്കി.