[ഡൽഹി : ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്ന് ശിവസേന. വരണ്ടതടാകത്തിൽ താമര വിരിയില്ലെന്ന് ഡൽഹി തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയ സാദ്ധ്യതയെ പരാമർശിച്ച് ഉദ്ധവ് താക്കറെ പറഞ്ഞു. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ മികച്ച പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേജ്‍രിവാൾ നടപ്പിലാക്കിയെന്നും ശിവസേന വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾക്കിടയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്ഷേമരംഗത്തും ആംആദ്മി സർക്കാർ ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമാണ്. സാമ്നയിലെ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരെയുള്ള ശിവസേനയുടെ രൂക്ഷ വിമർശനം. മറ്റ് സംസ്ഥാനങ്ങൾക്കും പിന്തുടരാൻ കഴിയുന്ന കാര്യങ്ങളാണ് കെജ്‍രിവാൾ ചെയ്ത് കാണിച്ചത്. മികച്ച പ്രവർത്തനങ്ങൾക്ക് മോദിയും അമിത്ഷായും കെജ്‍രിവാളിനെ അഭിനന്ദിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബി.ജെ.പി നേതാക്കൾ ഹിന്ദു മുസ്‍ലിം വിദ്വേഷം വരുത്തി വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശിവസേന ആരോപിച്ചു.
ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും ഉദ്ധവ് പറയുന്നു. മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പിൽ നഷ്ടം നേരിട്ട ബി.ജെ.പിക്ക് ഡൽഹി ജയിക്കാൻ ആഗ്രഹിക്കാൻ മാത്രമേ സാധിക്കൂവെന്നും ഉദ്ധവ് സാമ്നയിൽ വിശദമാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 200 എം.പിമാരെയും മുഖ്യമന്ത്രിമാരെയും നിരത്തി പ്രതിരോധിക്കേണ്ട അത്ര ശക്തിയുള്ളവരാണ് എ.എ.പിയെന്ന് ബി.ജെ.പി പ്രചാരണ വേളയില്‍ തെളിയിച്ചുവെന്ന് സാമ്ന വിശദമാക്കുന്നു. കേജ്‍രിവാളിന്റ പ്രവർത്തന രീതിയിലും വീക്ഷണത്തിലും വ്യത്യാസമുണ്ട്. എന്നാലും ജനങ്ങളുടെ നന്മയ്ക്കായാണ് കേജ്‍രിവാളിന്റെ ശ്രമമെന്നും ഉദ്ധവ് സാമ്നയില്‍ പറയുന്നു.