ന്യൂഡൽഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 672 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.
അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജാമിയ മിലിയ സർവകലാശാല കാമ്പസിന്റെ ഏഴാം നമ്പർ ഗേറ്റിനു മുമ്പിൽ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം താൽക്കാലികമായി നാലാം നമ്പർ ഗേറ്റിലേക്ക് മാറ്റി. വാഹനതടസങ്ങളോ മറ്റു അസൗകര്യങ്ങളോ ഉണ്ടാവില്ലെന്നും തിരഞ്ഞെടുപ്പുമായി സഹകരിക്കുമെന്നും ജാമിയ ഏകോപന സമിതി വ്യക്തമാക്കി. വോട്ടെടുപ്പ് പൂർത്തിയായാൽ ഏഴാം നമ്പർ ഗേറ്റിനു മുമ്പിൽതന്നെ സമരം പുനഃസ്ഥാപിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
വിവിധ സർവേ ഫലങ്ങൾ എ.എ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായാണ് എ.എ.പി വിജയം ആഘോഷിച്ചത്.