bjp

അടൂർ: ബി.ജെ. പി സംസ്ഥാന സംഘടനാ സെക്രട്ടറിയും ആർ എസ് എസ് പ്രചാരകനുമായ എ .എൽ ഗണേഷിന്റെ വാഹനം അടിച്ചുതകർത്ത കേസിൽ ബി.ജെ.പി അടൂർ നിയോജക മണ്ഡലം സെക്രട്ടറി ഉൾപ്പെടെ നാല് ബി ജെ പി - ആർ എസ് എസ് പ്രവർത്തകരെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി പെരിങ്ങനാട് തെക്കുംമുറിയിൽ ശരത് ഭവനിൽ ശരത്ചന്ദ്രൻ (33), പെരിങ്ങനാട് അമ്മ കണ്ടകര രാഹുൽ ഭവനിൽ രഞ്ജിത്ത് (27,) അടൂർ കണ്ണംകോട് രമാമന്ദിരത്തിൽ അരുൺ ആർ കൃഷ്ണൻ, പെരിങ്ങനാട് മേലുട് വേണു സദനത്തിൽ വിഷ്ണു (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 22 ന് പുലർച്ചെയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി കൃഷ്ണകുമാറിന്റെ ചേന്നമ്പള്ളിയിലുള്ള വീടിന് മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനം അടിച്ചുതകർത്തത്. പാലക്കാട് സ്വദേശിയായ എ. എൽ ഗണേശ് യാത്രാമദ്ധ്യേ വിശ്രമിക്കുന്നതിനായി കൃഷ്ണകുമാറിന്റെ വീട്ടിൽ കയറിയതായിരുന്നു. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് വാഹനം അടിച്ചുതകർക്കലിൽ കലാശിച്ചതെന്ന് അറിയുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതിലുള്ള രോഷമാണ് ശരത്ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്.