സംസ്ഥാന ബഡ്ജറ്റിനെതിരെ പരിഹാസവുമായി അഡ്വ ജയശങ്കര്‍ രംഗത്തെത്തി. അന്തരിച്ച കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണിക്ക് സ്മാരകം പണിയാന്‍ ബഡ്ജറ്റില്‍ 5 കോടി നീക്കിവെച്ചതിനെ അദ്ദേഹം വിമർശിച്ചു.
"കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ. എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദർശ രാഷ്ട്രീയത്തിൻ്റെ അപ്പൊസ്തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു."-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദർശ രാഷ്ട്രീയത്തിൻ്റെ അപ്പൊസ്തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു.
കോൺഗ്രസ് നേതൃത്വത്തിൻ്റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാൽ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കർഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയിൽ ചേക്കേറും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷ.
ജോസ്മോനു മാനസാന്തരമുണ്ടാകുന്ന പക്ഷം തിരുവനന്തപുരത്തും പാലായിലും മാണി സാറിന്റെ ഓരോ പ്രതിമ സ്ഥാപിക്കാനും വിരോധമില്ല. നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം.