ന്യൂഡൽഹി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സബ് ഇൻസ്പെക്ടർ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ പ്രീതി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മെട്രോ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ പൊലീസ് അക്കാദമിയിൽ നിന്നുള്ള പ്രീതിയുടെ ഒരു ബാച്ച്മേറ്റ് മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2018 ബാച്ചിൽ നിന്നുള്ള ദീപൻഷു രതി പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.സബ് ഇൻസ്പെക്ടർ കൂടിയായ ദീപൻഷു പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പ്രീതി നിരസിച്ചിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊലപാതക വിവരം അറിഞ്ഞയുടൻ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.
വെടിവച്ചയാളെ കണ്ടെത്താനായി പ്രദേശത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നാണ് കൊലപാതകിയെ മനസിലായതെന്നാണ് സൂചന. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രീതി അഹ്ലാവത്തിനെ നിയമിച്ചത്. ഇവർ രോഹിണി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.