corona-virus

ന്യൂഡൽഹി: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ ചില യാത്രക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധയെത്തുടർന്ന് കപ്പലിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ക്രൂ അംഗങ്ങളും യാത്രക്കാരുമുൾപ്പെടെ നിരവധി ഇന്ത്യക്കാർ കപ്പലിലുണ്ടെന്ന് മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം, അവരിൽ ആർക്കും കൊറോണ പോസിറ്റീവ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'കൊറോണ വൈറസ് കാരണം ക്രൂ അംഗങ്ങളും യാത്രക്കാരുമുൾപ്പെടെ നിരവധി ഇന്ത്യക്കാർ ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ടോക്കിയോയിലെ ഞങ്ങളുടെ എംബസി നൽകിയ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് പരിശോധന ഫലത്തിൽ ആർക്കും കൊറോണ പോസിറ്റീവ് ഇല്ല'- മന്ത്രി ട്വീറ്റ് ചെയ്തു.

ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്തോളം യാത്രക്കാർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന നാലായിരത്തോളം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞമാസം ഇതേ കപ്പലിൽ യാത്ര ചെയ്തയാൾക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെയിൽ ഇയാളിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടന്ന പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം സംഘത്തിൽ മലയാളികൾ ഉണ്ടോയെന്ന് വ്യക്തമല്ല. നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിച്ച മൂന്ന് കൊറോണ കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. ചൈനയിലെ വുഹാനിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളിലാണ് രോഗബാധ കണ്ടെത്തിയത്.