ലണ്ടൻ: കോടീശ്വരനായ അനിൽ അംബാനിയും പാപ്പരായോ? അനിൽ അംബാനി കോടതിയിൽ പറഞ്ഞ കാര്യമാണിത്. ബാദ്ധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി വ്യക്തമാക്കി. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹർജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്.
"എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല," അനില്‍ അംബാനി വിവരിച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനെതുടർന്ന് ചൈനീസ് ബാങ്കുകൾ നൽകിയ കേസിൽ ആറാഴ്ചയ്ക്കുള്ളിൽ 100 മില്ല്യൺ ഡോളർ (715.07കോടി രൂപ) നൽകണമെന്നാണ് അനിൽ അംബാനിക്ക് ബ്രിട്ടീഷ് കോടതി നൽകിയ ഉത്തരവ്. കേസിൽ വാദം പൂർത്തിയാകാത്തതിനാൽ തുക കോടതിയിൽ കെട്ടിവയ്ക്കണം.
അനിൽ അംബാനിയിൽനിന്ന് ലഭിക്കാനുള്ള 68 കോടി ഡോളറിനു(48606 കോടി രൂപ) വേണ്ടി മൂന്ന് ചൈനീസ് ബാങ്കുകൾ ബ്രിട്ടീഷ് കോടതിയിൽ നൽകിയ കേസിലാണ് ഇടക്കാലവിധി. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഒഫ് ചൈന മുംബയ് ശാഖയും ചൈന ഡെവലപ്മെന്റ് ബാങ്കും എക്സിം ബാങ്ക് ഓഫ് ചൈനയുമാണ് കേസ് നൽകിയത്. എന്നാൽ, റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി സമ്പന്നനായ ബിസിനസുകാരനായിരുന്നെന്നും ഇപ്പോൾ ഇന്ത്യൻ ടെലികോം വിപണിയിലുണ്ടായ ദുരന്തപൂർണമായ സംഭവഗതികളുടെ ഫലമായി അദ്ദേഹം പാപ്പരായി എന്നും അദ്ദേഹത്തിന്റെ ആസ്തി പൂജ്യമാണെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. അംബാനിയുടെ പാപ്പരാണെന്ന വാദത്തെ കോടതി ചോദ്യം ചെയ്തു.
''മിസ്റ്റർ അംബാനി താൻ വ്യക്തിപരമായി പാപ്പരാണെന്ന് വാദിക്കുന്നു. അങ്ങനെയെങ്കിൽ അദ്ദേഹം ഇന്ത്യയിൽ പാപ്പരത്ത അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ?''- കോടതി ചോദിച്ചു. ഇല്ലായെന്ന് അംബാനിയുടെ അഭിഭാഷകൻ മറുപടി നൽകി. ഇതോടെ ഈ വാദം അംഗീകരിക്കുന്നില്ലെന്നു ജഡ്ജ് ഡേവിഡ് വാക്‌സ്മാൻ പറഞ്ഞു. തുടർന്ന് പണമടയ്ക്കാൻ ആറ് ആഴ്ചത്തെ സമയ പരിധി അനുവദിക്കുകയായിരുന്നു.
വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടിവയ്ക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.