imran-khan

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ കുടുങ്ങിപ്പോയ പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചിട്ടും സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി വുഹാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകാതിരിക്കുകയാണ് പാകിസ്ഥാൻ.

ഇന്ത്യൻ വിദ്യാർത്ഥികളോടൊപ്പം വുഹാനിലെ പാക് പൗരന്മാരെയും ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നെന്ന് പുതിയ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാൻ ഖാനെ അറിയിച്ചിട്ടും ഇന്ത്യയുടെ മനുഷ്യത്വപരമായ തീരുമാനത്തോട് പാകിസ്ഥാൻ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ബഹളങ്ങളും ആശയക്കുഴപ്പവും കാരണമാണ് ഇന്ത്യയുടെ വാഗ്ദാനത്തോട് ഇമ്രാൻ ഖാൻ പ്രതികരിക്കാത്തതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത തങ്ങളുടെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാൻ വിദ്യാർത്ഥികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. പാകിസ്ഥാൻ സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു,​ ഇന്ത്യക്കാരിൽ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നൊക്കെയാണ് വീഡിയോയിൽ വിദ്യാർത്ഥികൾ പറഞ്ഞത്. രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.

ചൈനയിൽ കുടുങ്ങിപ്പോയ പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പം അയൽരാജ്യങ്ങളെയൊക്കെ ഇന്ത്യ സഹായിച്ചിരുന്നു. മാലിദ്വീപിൽ നിന്നുള്ള ഏഴുപേരെയും ഒരു ബംഗ്ലാദേശി പൗരനെയും ഇന്ത്യ രക്ഷിച്ചിരുന്നു. ഇതിന് മാലിദ്വീപ് സർക്കാർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു. 2,841 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. ഇതോടെ ഹുബൈയിൽ വൈറസ് ബാധസ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. ഇന്ത്യയിൽ നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.