marraige

ബംഗളൂരു: വധു അണിഞ്ഞ സാരിയ്ക്ക് നിലവാരം കുറവാണെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. കർണാടകയിലെ ഹസനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. രഘുകുമാർ എന്ന യുവാവും സംഗീത എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

പ്രണയം വീട്ടിലറിയിച്ചപ്പോൾ ആദ്യം എതിർപ്പുണ്ടായെങ്കിലും,​മക്കൾ പിന്മാറില്ലെന്ന് മനസിലായതോടെ ഇരു വീട്ടുകാരും വിവാഹത്തിന് പച്ചക്കൊടി വീശുകയായിരുന്നു. വിവാഹത്തിന്റെ ചില ചടങ്ങുകൾക്കിടയിൽ സംഗീത ധരിച്ചത് നിലവാരമില്ലാത്ത സാരിയാണെന്നും അത് മാറ്റണമെന്നും വരന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ യുവതി തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടായി.

തർക്കങ്ങൾക്കൊടുവിൽ വരനോട് ഓടി രക്ഷപ്പെടാൻ മാതാപിതാക്കൾ ആവശ്യപ്പെടുകയായിരുന്നു. യുവാവ് ഇത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. അതേസമയം, വരനും കുടുംബത്തിനുമെതിരെ വധുവിന്റെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. രഘു ഒളിവിലാണെന്നും, ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രഘുവിന്റെ മാതാപിതാക്കൾക്കെതിരെയും സംഗീതയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.