kaumudy-news-headlines

1. പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അടുത്ത ആഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും. നിയമസഭ അവസാനിച്ച ശേഷമാണ് ചോദ്യം ചെയ്യല്‍. മുന്‍ മന്ത്രിക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് വിജിലന്‍സ്. ആര്‍.ബി.ഡി.സി.കെ മുന്‍ അസിസ്ന്റ് ജനറല്‍ മാനേജറുടെ നിയമനത്തിലും ചട്ടം ലംഘിച്ചു. ഒഴിവിന് പരസ്യം നല്‍കാതെയും അഭിമുഖം നടത്താതെയും ആണ് നിയമനം. ആര്‍.ബി.ഡി.സി.കെ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും ഉടന്‍ ചോദ്യം ചെയ്യും.


2. കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 717 ആയി. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 34,000 കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലും ആയി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ, കൊറോണയെ ചെറുക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 67 കോടി ഡോളറിന്റെ ധനസഹായം വേണമെന്ന് ഡബ്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.
3. അതേസമയം, കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയില്‍ എത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും. നേരത്തെ കൊച്ചി വിമാന താവളത്തില്‍ നിന്നും പ്രത്യേക സുരക്ഷയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് അടുത്ത 28 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരോട് ആവശ്യപ്പെട്ടത്. ആനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ചൈനയില്‍ നിന്ന് നാട്ടില്‍ എത്താനായത്. ബാംഗോങ്ങ് വഴിയുള്ള വിമാനത്തില്‍ രാത്രി 11 മണിയോടെ ആണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. തമിഴ്നാട് സ്വദേശികളായ 2 വിദ്യാര്‍ത്ഥികള്‍ കൂടി ഇവര്‍ക്കൊപ്പം ഉണ്ട്. യുനാന്‍ പ്രവിശ്യയിലെ ഡാലിയന്‍ ആരോഗ്യ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആണ് എല്ലാവരും. വിമാന താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍ ഇടപ്പെട്ടാണ് വിദ്യാത്ഥികളെ നാട്ടില്‍ എത്തിച്ചത്.
4. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി യശോധരന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. നാലാംക്ലാസ് വിദ്യാര്‍ഥിനി ആയ പത്ത് വയസ്സുകാരിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ വലിയമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. 2008ലും ഇയാള്‍ക്ക് എതിരെ സമാനമായ കേസ് ഉണ്ടായിരുന്നു.
5. മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കോഴിക്കോട് മൊണ്ടാന എസ്റ്റേറ്റില്‍ റോഡ് നിര്‍മ്മാണം ഇനി ഡ്യൂറാലെ സോയില്‍ സ്റ്റെബിലൈസര്‍ ടെക്‌നോളജിയില്‍. മൊണ്ടാന കുന്നിന്‍ ചെരുവില്‍ ഏറ്റവും മുകള്‍ ഭാഗത്താണ് ഡ്യൂറാലെ റോഡ് നിര്‍മ്മിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂറാലെ റോഡ്സ് ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര കമ്പനിയാണ് മൊണ്ടാന എസ്റ്റേറ്റില്‍ ഡ്യൂറാലെ റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം നടക്കുന്നത് എന്ന് മലബാര്‍ ഗ്രൂപ്പിന്റെയും ഡ്യൂറാലെ റോഡ്സ് ഇന്റര്‍നാഷണല്‍ കമ്പനിയുടെയും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡ് നിര്‍മ്മാണത്തിനായി സാധാരണ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഒഴിവാക്കി പ്രകൃതിദത്തമായി മണ്ണില്‍ തന്നെ നേരിട്ട് റോഡ് നിര്‍മ്മിക്കാം എന്നതാണ് ഡ്യൂറാലെ റോഡുകളുടെ പ്രത്യേകത.
6. ഡ്യൂറാലെ റോഡിന് 15 വര്‍ഷത്തേക്കുള്ള ഗ്യാരന്റിയും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മാണ ചിലവ് 75% വരെ കുറയ്ക്കാന്‍ കഴിയുമെന്നതും മറ്റൊരു പ്രത്യേകത ആണ്. ഇതിന്റെ പ്രാഥമിക ഘട്ടത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂറാലെ റോഡ്സ് ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര കമ്പനിയാണ് മൊണ്ടാന എസ്റ്റേറ്റില്‍ ഡ്യൂറാലെ റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം. പി അഹമ്മദ്, മലബാര്‍ ഡെവലപ്പേഴ്സ് സി.ഇ.ഒ അനില്‍ കുമാര്‍ ഗോപാലന്‍, ഡ്യൂറാലെ റോഡ്സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ ടെലിഫോര്‍ഡ് ജോണ്‍, ഡേയ്ന്‍ എഡ്‌വേര്‍ഡ് കാമ്പെല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
7. ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. 2 ട്രയിനുകളില്‍ ആയി 60 ലക്ഷത്തില്‍ അധികം രൂപയുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ നിന്ന് 25 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയി. ചെന്നൈ സ്വദേശി പൊന്നിരാമന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പെടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എ.സി കമ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു പൊന്നിരാമന്‍ സഞ്ചരിച്ച് ഇരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്ന് ഇരിക്കുന്നത്.
8. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നു. പയ്യന്നൂര്‍ സ്വദേശിയുടെ സ്വര്‍ണമാണ് മോഷണം പോയത്. ഒന്നില്‍ തിരൂര്‍ ഭാഗത്ത് വച്ചും മറ്റൊന്നില്‍ വടകര-മാഹി പരിസരത്ത് വച്ചും കവര്‍ച്ച നടന്നതായാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്ന് അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു. 2 കവര്‍ച്ചയ്ക്ക് പിന്നിലും ഒരേ സംഘമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.